പല ജിമ്മുകളിലും ലൈംഗിക പീഡനം നടക്കുന്നതായി പരാതി ലഭിച്ചെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം പ്രിയങ്ക് കനുങ്കേ പറഞ്ഞു. ജിമ്മുകൾ സ്ഥാപിക്കുന്നതിന് കേന്ദ്രീകൃത മാർഗനിർദ്ദേശങ്ങൾ വേണമെന്നും അവര്‍ വ്യക്തമാക്കി.

ദില്ലി: രാജ്യത്തെ പ്രവർത്തിക്കുന്ന ജിമ്മുകളിലും ഫിറ്റ്നസ് സ്ഥാപനങ്ങളിലും പരിശോധനകൾ കർശനമാക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം. കേന്ദ്രസംസ്ഥാനസർക്കാരുകൾക്കാണ് കമ്മീഷന്റെ നിർദ്ദേശം. ജിമ്മുകളുടെ മറവിൽ ലൈംഗിക ചൂഷണമടക്കം നടക്കുന്നുവെന്ന പരാതിയിലാണ് നടപടി. ചീഫ് സെക്രട്ടറിമാർ ജിമ്മുകളുടെ നടത്തിപ്പ് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ നിർദ്ദേശിച്ചു

ഉത്തർപ്രദേശിൽ ജിമ്മിന്റെ മറവിൽ ലൈംഗിക പീഢനവും മതപരിവർത്തനവും നടന്നു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നടപടി. കമ്മീഷനിലെ അംഗം പ്രിയങ്ക് കനൂങ്കേയാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാരിനും നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള യുവജനകാര്യമന്ത്രാലയത്തിനും സംസ്ഥാന ചീഫ സെക്രട്ടറിമാർക്കുമാണ് നോട്ടീസ്. എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാരും പ്രവർത്തിക്കുന്ന ജിമ്മുകളെ സംബന്ധിച്ചുള്ള റിപ്പോർട്ട് നൽകണം. ലൈസൻസുകൾ നൽകുന്നതിലെ മാനദണ്ഡം വിശദീകരിക്കണം, ജിമ്മുകളിലും ഫിറ്റ്നസ് കേന്ദ്രങ്ങളിലും നടത്തിയ പരിശോധനകളെ സംബന്ധിച്ചും വിവരങ്ങൾ ഉൾപ്പെടുത്തണം. പുതിയ ജിമ്മുകൾ സ്ഥാപിക്കുന്നതിന് സർക്കാർ സ്വീകരിക്കുന്ന മാനദണ്ഡങ്ങളും മനുഷ്യാവകാശ കമ്മീഷൻ ആരാഞ്ഞിട്ടുണ്ട്. കൂടാതെ പലയിടങ്ങളിലും ആരോഗ്യകരമല്ലാത്ത രീതികൾ പിൻതുടരുന്നുവെന്നും ഈക്കാര്യങ്ങളിൽ അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ പറയുന്നു. രണ്ടാഴ്ച്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.