സ്ഥലപരിമിതി മൂലമാണ് മന്ത്രി അങ്ങനെ ചെയ്തതെന്നാണ് കുമാരസ്വാമിയുടെ വിശദീകരണം
ബംഗളൂരു: കേരളത്തില്‍ മഹാപ്രളയം ആഞ്ഞടിച്ചപ്പോള്‍ കര്‍ണാടകയിലും കനത്ത മഴ മൂലം വെള്ളപ്പൊക്ക ദുരിതം രൂക്ഷമായിരുന്നു. മഴക്കെടുതി മൂലം ഒരുപാട് പേരാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. ക്യാമ്പ് സന്ദര്‍ശിച്ച കര്‍ണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി എച്ച്.ഡി. രേവണ്ണയുടെ ഒരു പ്രവര്‍ത്തിയാണ് ഇപ്പോള്‍ വലിയ വിവാദത്തിലായിരിക്കുന്നത്.
ഹസന്‍ ജില്ലയിലെ ക്യാമ്പിലെത്തിയ മന്ത്രി ആളുകള്‍ക്ക് നേരെ ബിസ്ക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടെ പ്രചരിച്ചതോടെ മന്ത്രിക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. എന്നാല്‍, തന്‍റെ സഹോദരന്‍ കൂടിയായ രേവണ്ണയെ പിന്തുണച്ച് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രംഗത്തെത്തി.
സ്ഥലപരിമിതി മൂലമാണ് മന്ത്രി അങ്ങനെ ചെയ്തതെന്നാണ് കുമാരസ്വാമിയുടെ വിശദീകരണം. ഉദ്യോഗസ്ഥര്‍ ബോക്സില്‍ എത്തിച്ച ബിസ്ക്കറ്റ് മുന്നില്‍ കൂടിയിരിക്കുന്ന ക്യാമ്പിലുള്ളവര്‍ക്ക് നേരെ രേവണ്ണ വലിച്ചെറിയുകയായിരുന്നു. സംസ്കാരശൂന്യമായ പ്രവര്‍ത്തിയാണ് മന്ത്രി നടത്തിയതെന്ന് ബിജെപി നേതാക്കള്‍ വിമര്‍ശിച്ചിട്ടുണ്ട്.