അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം വൈകീട്ട് നാല് മണിക്കാണ് വോട്ടെടുപ്പ്. കേവലഭൂരിപക്ഷത്തിനായി മറുചേരിയില്‍ നിന്ന് എംഎല്‍എമാരെ കൂടെക്കൂട്ടാനുളള  ശ്രമത്തിലാണ് അവസാന മണിക്കൂറിലും ബിജെപി.

ബംഗളുരു: രാഷ്‌ട്രീയ നാടകങ്ങള്‍ തുടരുന്ന കര്‍ണ്ണാടകയില്‍ നിന്ന് ഹൈദരാബാദിലേക്ക് മാറ്റിയിരുന്ന കോണ്‍ഗ്രസ് - ജെഡിഎസ് എം.എല്‍.എമാര്‍ രാവിലെ ബംഗളുരുവില്‍ തിരിച്ചെത്തി. ഇന്ന് വൈകുന്നേരം നാലു മണിക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് സുപ്രീം കോടതി ഇന്നലെ ബി.എസ് യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാവിലെ 11 മണിക്ക് സഭാ നടപടികള്‍ തുടങ്ങും. പ്രോടേം സ്‌പീക്കറെ നിയമിച്ചത് സംബന്ധിച്ച കേസ് ഇതിന് മുന്‍പ് രാവിലെ 10.30ന് സുപ്രീം കോടതി പരിഗണിക്കും

അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം വൈകീട്ട് നാല് മണിക്കാണ് വോട്ടെടുപ്പ്. കേവലഭൂരിപക്ഷത്തിനായി മറുചേരിയില്‍ നിന്ന് എംഎല്‍എമാരെ കൂടെക്കൂട്ടാനുളള ശ്രമത്തിലാണ് അവസാന മണിക്കൂറിലും ബിജെപി. രണ്ട് ജെഡിഎസ് എംഎല്‍എമാരെ ബിജെപി തട്ടിയെടുത്തെന്ന് എച്ച്.ഡി കുമാരസ്വാമി ആരോപിക്കുക കൂടി ചെയ്തതോടെ ആകാംക്ഷ ഏറുകയാണ്.

രണ്ട് ദിവസത്തേക്ക് മാത്രമാണോ മുഖ്യമന്ത്രി പദവിയെന്ന് വിധാന്‍ സൗധയില്‍ തീരുമാനമാകും. രാവിലെ പതിനൊന്ന് മണിക്കാണ് സഭ ചേര്‍ന്നാല്‍ ആദ്യം പ്രോടേം സ്‌പീക്കര്‍ക്ക് മുമ്പാകെ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം നാല് മണിക്ക് മുന്‍പ് ഇത് പൂര്‍ത്തിയാക്കണം. നാല് മണിക്കാണ് നിര്‍ണായകമായ വിശ്വാസവോട്ടെടുപ്പ്. ഇപ്പോഴും അവ്യക്തമായ കണക്കുകളിലാണ് കളി. ആരൊക്കെ മറുകണ്ടം ചാടും ആരെയൊക്കെ ചാക്കിട്ടുപിടിക്കും എന്നതില്‍ ആശ്രയിച്ചിരിക്കുന്ന കണക്കുകള്‍.

നിലവില്‍ സഭയിലെ കക്ഷിനില ഇങ്ങനെയാണ് 

  • ആകെ 222 സീറ്റുകള്‍. 
  • എച്ച് ഡി കുമാരസ്വാമി രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ചതിനാല്‍ അദ്ദേഹത്തിന് ഒരു വോട്ട് മാത്രം. അപ്പോള്‍ ആകെ വോട്ട് 221 
  • കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് 117 വോട്ട്. (78 കോണ്‍ഗ്രസ്+37 ജെഡിഎസ്+രണ്ട് സ്വതന്ത്രര്‍) തങ്ങളുടെ ക്യാമ്പ് വിട്ടു എന്ന് കുമാരസ്വാമി പറഞ്ഞ രണ്ട് ജെഡിഎസ് എംഎല്‍എമാരം ആനന്ദ് സിങ്ങും ഉള്‍പ്പെടെയാണിത്. 
  • ബിജെപിയുടെ കക്ഷിനില 104 ആണ്.