തമിഴ്നാടിനു വെള്ളം നൽകില്ലെന്ന തീരുമാനത്തിൽനിന്നും സർക്കാർ പിന്നോട്ടുപോകരുതെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. കാവേരി നദീജല മാനേജ്മെന്റ് ബോർഡ് രൂപീകരിക്കണമെന്ന സുപ്രീം കോടതി നിർദേശത്തെ സർക്കാർ എതിർക്കണമെന്നും പാർട്ടികൾ ആവശ്യപ്പെട്ടു. 

കഴിഞ്ഞ ദിവസം കാവേരി പ്രശ്നത്തിൽ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം ഉണ്ടായതിനു പിന്നാലെയാണ് കർണാടക സർക്കാർ സർവകക്ഷിയോഗം വിളിച്ചു ചേർത്തത്. കോടതി ഉത്തരവുകൾക്ക് വിലകൽപിക്കാത്ത കർണാടക രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അപമാനിച്ചിരിക്കുകയാണെന്നായിരുന്നു സുപ്രീം കോടതി വിമർശനം. 

ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കടുത്ത നിയമ നടപടി നേരിടേണ്ടിവരുമെന്നു കോടതി മുന്നറിയിപ്പ് നൽകി. ആറു ദിവസത്തേക്കു 6000 ക്യുസെക്സ് വെള്ളം വീതം തമിഴ്നാടിന് നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു. 

കേരളം, തമിഴ്നാട്, കർണാടക, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി മൂന്നു ദിവസത്തിനുള്ളിൽ കേന്ദ്ര സർക്കാർ കാവേരി നദീജല മാനേജ്മെന്റ് ബോർഡ് രൂപീകരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു.