താന്‍ ക്രൂരമായ റാഗിങിനിരയായെന്ന് തന്നെയാണ് ഗുല്‍ബര്‍ഗ ഡിവൈഎസ്പി ഝാന്‍വിക്ക് മുന്നില്‍ അശ്വതി ആവര്‍ത്തിച്ചത്. പഠനം തുടങ്ങിയ കാലം മുതലുള്ള ദുരിതം എണ്ണമിട്ട് വിവരിച്ച പെണ്‍കുട്ടി, ഏറ്റവുമൊടുവില്‍ സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ വിഷദ്രാവകം വായിലൊഴിച്ചെന്നും ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയെന്നും മൊഴി നല്‍കി. ഗുരുതരാവസ്ഥയിലായ മകളുടെ വിവരം കോളേജധികൃതര്‍ മറച്ചുവച്ചുവെന്ന് അശ്വതിയുടെ അമ്മ ജാനകിയും അന്വേഷണസംഘത്തെ അറിയിച്ചു. കേസ് ആത്ഹത്യാശ്രമമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ബന്ധുക്കളും ആശങ്കപ്പെട്ടു. ഒരു നിഗമനത്തിലും എത്തിച്ചേരാനായിട്ടില്ലെന്നായിരുന്നു ഡിവൈഎസ്പി ഝാന്‍വിയുടെ പ്രതികരണം.

കേസിലെ നാലാംപ്രതി ശില്‍പ ജോസ് കോട്ടയം ഏറ്റുമാനൂര്‍ ചാമക്കാല സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞ് അന്വേഷണം സംഘം അവിടെയത്തിയെങ്കിലും വീട് അടഞ്ഞുകിടക്കുകയാണ്. ഒളിവിലായ പ്രതിക്കും കുടംബത്തിനുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.അന്വേഷണത്തിന്‍റെ ഭാഗമായി ഗുല്‍ബര്‍ഗ ഡിവൈഎസ്പി കോട്ടയത്തേക്ക് പോകുമെന്നാണ് അറിയുന്നത്. ഇതിനിടെ ആശുപത്രിയില്‍ കഴിയുന്ന അശ്വതിയെ സന്ദര്‍ശിച്ച എസ്.സി-എസ്.ടി കമ്മീഷന്‍ ധനസഹായം ഉടന്‍ കൈമാറുമെന്ന് അറിയിച്ചു.