ദീർഘദൂര റൂട്ടുകളിൽ ഓടുന്ന കർണാടക ആര്‍.ടി.സിയുടെ അഞ്ച്  പ്രീമിയം ബസുകളിൽ നിലവിൽ ടോയിലറ്റ് സംവിധാനമുണ്ട്. പഴയ രീതിയിലുള്ള ഈ ടോയിലറ്റുകൾ ബയോ ടോയിലറ്റാക്കി മാറ്റാനും കൂടുതൽ ബസുകളില്‍  ബയോടോയിലറ്റുകൾ സ്ഥാപിക്കാനുമാണ് കെ.എസ്.ആർ.ടി.സിയുടെ പദ്ധതി. കൂടുതൽ ദൂരം നിർത്താതെ പോകുന്ന നിരവധി ബസുകളില്‍ ബയോ ടോയിലറ്റ് സ്ഥാപിക്കുന്നത് പ്രായമാവർക്കും പ്രമേഹ രോഗമുള്ളവ‍ർക്കും വലിയ അനുഗ്രഹമാകുമെന്ന് എം.ഡി രാജേന്ദര്‍ കടാരിയ അഭിപ്രായപ്പെട്ടു. 

ടോയ്‍ലറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് സ്കാനിയ, വോൾവോ, മെഴ്സിഡസ് ഉൾപ്പെടെയുള്ള കന്പനികളുമായും റെയിൽവേയുമായും കെ.എസ്.ആർ.ടി.സി പ്രാരംഭ ചർച്ച നടത്തി. ഇപ്പോൾ ഓടുന്ന ബസുകളിൽ തന്നെയാകും ബയോ ടോയിലറ്റ് സ്ഥാപിക്കുക. കേരള--ബംഗളുരു പാത കെ.എസ്.ആർ.ടി.സിക്ക് പ്രധാനപ്പെട്ടതാണെന്നും ബയോ ടോയിലറ്റ് ഉള്ള ബസുകൾ കേരളത്തിലേക്കുമുണ്ടാകുമെന്നും രാജേന്ദര്‍ കടാരിയ പറഞ്ഞു. ബയോ ടോയിലറ്റിൽ നിന്നുള്ള മാലിന്യങ്ങൾ വളമായി മാറ്റി ആവശ്യക്കാർക്ക് നൽകുമെന്നും കെ.എസ്.ആർ.ടി.സി വ്യക്തമാക്കി.