ബി എസ് യെദ്യൂരപ്പ അടക്കം 72 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്.

ബംഗളൂരു: കര്‍ണാടകത്തില്‍ ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പ അടക്കം 72 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. യദ്യൂരപ്പ ശിവമോഗ ജില്ലയിലെ ശിക്കാരിപുരയില്‍ നിന്ന് ജനവിധി തേടും. 

പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടാര്‍ ഹുബ്ബളളി സെന്‍ട്രലില്‍ നിന്നും മുന്‍ ഉപമുഖ്യമന്ത്രി കെ ഇ ഈശ്വരപ്പ ശിവമോഗ മണ്ഡലത്തിലും മത്സരിക്കും. നിലവിലെ എംഎല്‍എമാരില്‍ ഭൂരിഭാഗം പേര്‍ക്കും ടിക്കറ്റ് ലഭിച്ചു. റെഡ്ഡി സഹോദരന്‍മാരുടെ അടുത്ത അനുയായി ബി ശ്രീരാമലു ചിത്രദുര്‍ഗ ജില്ലയിലെ മോലക്കാളുമൂരുവില്‍ സ്ഥാനാര്‍ത്ഥിയാവും. 

ബെല്ലാരി ജില്ലയിലെ സീറ്റ് ശ്രീരാമലു ആവശ്യപ്പെട്ടെങ്കിലും നേതൃത്വം അംഗീകരിച്ചില്ല. ജെഡിഎസില്‍ നിന്ന് ബിജെപിയിലെത്തിയ മല്ലികാര്‍ജുനെ ഖുബെ, മല്ലികയ്യാ ഗുട്ടേദാര്‍ എന്നിവര്‍ക്കും അവസരം കിട്ടി.