പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പ്രചാരണം പൂർത്തിയാക്കി.
ബംഗളൂരു: കര്‍ണാടകത്തിൽ പരസ്യപ്രചാരണം ഇന്നവസാനിക്കും. ശനിയാഴ്ചയാണ് വോട്ടെടുപ്പ്. വീറും വാശിയും നിറഞ്ഞ പ്രചാരണമാണ് കഴിഞ്ഞ ഒരു മാസമായി കർണാടകം കണ്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പ്രചാരണം പൂർത്തിയാക്കി. ആറ് ദിവസങ്ങളിലായി 21 റാലികളിലാണ് മോദി പങ്കെടുത്തത്.
മോദിയുടെ റാലികൾക്കെത്തിയ ആൾക്കൂട്ടം വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ബെംഗളൂരുവിൽ തുടരുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മുഖ്യമന്ത്രി സിദ്ധരാമയ്യക്കും മുതിർന്ന നേതാക്കൾക്കുമൊപ്പം രാവിലെ പത്ത് മണിക്ക് മാധ്യമങ്ങളെ കാണും.
മോദി വിരുദ്ധ പ്രചാരണത്തിലും ഭരണനേട്ടങ്ങളിലും പ്രതീക്ഷവെക്കുകയാണ് കോൺഗ്രസ്. കനത്ത സുരക്ഷയാണ് പ്രചാരണം തീരുന്നതിനോടനുബന്ധിച്ച് സംസ്ഥാനത്തെങ്ങും ഏർപ്പെടുത്തിയിരിക്കുന്നത്. അവസാന മണിക്കൂറുകളിൽ വോട്ടർമാരെ സ്വാധീനിക്കാൻ പണമൊഴുകാനുളള സാധ്യത കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
