മുന്‍കൂര്‍ ജാമ്യം ലഭിച്ചയാളെ അറസ്റ്റ് ചെയ്‍ത സംഭവം: കരുനാഗപ്പള്ളി സിഐക്കെതിരെയും അന്വേഷണം
കോടതി മുന്കൂര് ജാമ്യം അനുവദിച്ചയാളെ അര്ദ്ധരാത്രി വീട്ടില് കയറി അറസ്റ്റ് ചെയ്തതില്, കരുനാഗപ്പള്ളി സിഐക്കെതിരെയും അന്വേഷണം. മുന്കൂര് ജാമ്യത്തെക്കുറിച്ച് സിഐ അറിഞ്ഞിരുന്നോ എന്ന് പരിശോധിക്കുകയാണെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്
ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പണമിടപാടിനെ തുടര്ന്നുള്ള അടിപിടിക്കേസില് ഉള്പ്പെട്ട സൗന്ദനെയാണ് ജാമ്യം നിലനില്ക്കെ പൊലീസ് അറസ്റ്റുചെയ്തത്.
മുന്കൂര് ജാമ്യം ലഭിച്ചയാളെ അനധികൃതമായി അര്ദ്ധരാത്രി വീട്ടില്കയറി അറസ്റ്റ് ചെയ്തതിന് കരുനാഗപ്പള്ളി എസ്ഐ മനാഫിനെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല് അന്വേഷണം നടത്താനാണ് കൊല്ലത്ത് പുതുതായി ചുമതലയേറ്റ കമ്മിഷണര്അരുള് ആര്ബി കൃഷ്ണയുടെ തീരുമാനം. സൗന്ദന് മുന്കൂര് ജാമ്യം ലഭിച്ചെന്ന വിവരം കോര്ട്ട് ഡ്യൂട്ടി ഓഫീസര് രേഖാമൂലം കരുനാഗപ്പള്ളി സ്റ്റേഷനില് അറിയിച്ചു എന്ന് നേരത്തെ തെളിഞ്ഞിരുന്നു. സ്വാഭാവികമായും ഇത് സ്റ്റേഷന് ഹൗസ് ഓഫീസറായ സി ഐ രാജേഷും അറിയണം. സ്പെഷ്യല് ബ്രാഞ്ച് ഡിവൈഎസ്പി സിഐയുടെ പങ്ക് സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്ട്ട് രണ്ട് ദിവസത്തിനുള്ളില് കമ്മിഷണര്ക്ക് സമര്പ്പിക്കും.
സൗന്ദനും ബന്ധുവും തമ്മില് നടന്ന പണമിടപാടനെച്ചൊല്ലിയുള്ള അടിപിടിക്കേസ് ഒത്ത് തീര്ക്കാന് സിഐ ശ്രമിച്ചെന്ന ആരോപണവും നിലവിലുണ്ട്. ഇത് അന്വേഷിക്കാന് ഡിസിആര്ബി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയതായും കമ്മിഷണര് അറിയിച്ചു. സിഐ രാജേഷ് ഇപ്പോള് മെഡിക്കല് ലീവിലാണ്.
പണമിടപാടിനെച്ചൊല്ലിയുള്ള തര്ക്കത്തില് ബന്ധു തന്നെ മര്ദ്ദിച്ചെന്ന പരാതി നല്കിയിട്ട് പൊലീസ് നടപടിയെടുത്തില്ലെന്ന ആരോപണവുമായി സൗന്ദന്റെ ഭാര്യ ശാലിനി രംഗത്തെത്തി.
