ചെന്നൈ: എം കെ സ്റ്റാലിൻ തന്റെ രാഷ്ട്രീയ പിൻഗാമിയാകുമെന്ന് ഡിഎംകെ അദ്ധ്യക്ഷൻ എം കരുണാനിധി.പാർട്ടിയിൽ നിന്ന് വിട്ടുപോയെങ്കിലും രണ്ടാമത്തെ മകൻ അഴഗിരിയെ കൈവിടില്ലെന്നും ഒരു തമിഴ് വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ കലൈഞ്ജർ വ്യക്തമാക്കി. ഏറ്റവും ഇളയ പുത്രനായ സ്റ്റാലിനാണ് തന്റെ രാഷ്ട്രീയ പിൻഗാമിയെന്നത് ഡിഎംകെ അദ്ധ്യക്ഷൻ കരുണാനിധി ഇതാദ്യമായല്ല വ്യക്തമാക്കുന്നത്. കരുണാനിധിയുടെ ആദ്യഭാര്യ പത്മാവതി അമ്മാളിന്റെ രണ്ടാമത്തെ മകനായ എം കെ അഴഗിരിയും രണ്ടാമത്തെ ഭാര്യ ദയാലു അമ്മാളിന്റെ മകനായ എം കെ സ്റ്റാലിനും തമ്മിൽ അധികാരത്തിന്റെ പേരിലുള്ള മൂപ്പിളമത്തർക്കവും പോരും ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്.
എന്നാൽ രാഷ്ട്രീയത്തിലെ ബദ്ധവൈരിയായ ജയലളിത ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കപ്പെട്ട് ഒരു മാസം തികയുമ്പോഴാണ് കലൈഞ്ജരുടെ പുതിയ പ്രസ്താവന. ആനന്ദവികടനെന്ന തമിഴ്വാരികയുടെ തൊണ്ണൂറാം വാർഷികപ്പതിപ്പിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ കരുണാനിധി ഇങ്ങനെ പറയുന്നു. പാർട്ടിയ്ക്ക് ജനങ്ങൾക്കിടയിലിറങ്ങി പ്രവർത്തിയ്ക്കുന്ന നേതാവിനെയാണ് വേണ്ടത്. ചെറുപ്പം മുതലേ രാഷ്ട്രീയത്തോട് ആഭിമുഖ്യമുണ്ട് സ്റ്റാലിന്. ചെറുപ്രായത്തിലേ പൊലീസിന്റെ മർദ്ദനമേറ്റും തെരഞ്ഞെടുപ്പ് നേരിട്ടും മികവ് തെളിയിച്ചയാളാണ് സ്റ്റാലിൻ.
സ്വാഭാവികമായും എനിയ്ക്കുമുന്നിൽ രാഷ്ട്രീയ പിൻഗാമിയായി ഇപ്പോഴുള്ളത് സ്റ്റാലിൻ തന്നെയാണ്.എന്നാൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട അഴഗിരിയെ താൻ കൈവിടില്ലെന്നും കരുണാനിധി പറയുന്നുണ്ട്. രാഷ്ട്രീയത്തിൽ നിന്ന് വിരമിയ്ക്കാറായിട്ടില്ലെന്നും വീണ്ടും പാർട്ടിയെ വിജയത്തിലേയ്ക്ക് നയിച്ച ശേഷമേ താൻ വിരമിയ്ക്കൂ എന്നും കരുണാനിധി വ്യക്തമാക്കുന്നു. കരുണാനിധിയുടെ ഈ പ്രഖ്യാപനത്തെ പാർട്ടിയും സ്വാഗതം ചെയ്യുന്നുണ്ട്.
അതേസമയം, മുഖ്യമന്ത്രി ജയലളിത ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കപ്പെട്ട് ഒരു മാസം തികയുകയാണ്. ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്നും അവർ ഉടൻ പോയ്സ് ഗാർഡനിലേയ്ക്ക് മടങ്ങുമെന്നുമാണ് എഐഎഡിഎംകെ വ്യക്തമാക്കുന്നത്. ദ്രാവിഡപാർട്ടികളുടെ കളരിയിൽ തമിഴ്നാട്ടിലെ കരുത്തയായ ഒരേയൊരു എതിരാളിയായ ജയലളിതയുടെ ഇപ്പോഴത്തെ അവസ്ഥ കൃത്യമായി വിലയിരുത്തിയാണ് കരുണാനിധിയുടെ പുതിയ കരുനീക്കമെന്നതാണ് ശ്രദ്ധേയം.
