ചെന്നൈ നഗരത്തില്‍ നിന്നുള്ള ബസ് സര്‍വീസുകളുടെ എണ്ണം കുറച്ചു. എല്ലാ മദ്യവില്‍പനശാലകളും വൈകിട്ട് ആറ് മണിയ്ക്ക് അടയ്ക്കാന്‍ നിര്‍ദേശംഎല്ലാ പൊലീസ് ഉദ്യോഗസ്ഥരോടും ഉടന്‍ യൂണിഫോമില്‍ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം 

ചെന്നൈ:ദിവസങ്ങളായി ആശുപത്രിയില്‍ തുടരുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുളളറ്റിന്‍. വൈകിട്ട് നാലരയ്ക്ക് പുറത്തു വന്ന മെഡിക്കല്‍ ബുള്ളറ്റിനിലാണ് കരുണാനിധിയുടെ ആരോഗ്യസ്ഥിതി പാടെ വഷളായതായി വ്യക്തമാക്കുന്നത്. 

പ്രധാനഅവയവങ്ങളെല്ലാം പ്രവര്‍ത്തനരഹിതമാണെന്നും കഴിഞ്ഞ മണിക്കൂറുകളില്‍ ആരോഗ്യനിലയില്‍ കാര്യമായ തകരാറുണ്ടായെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. പ്രായാധിക്യം കാരണം മരുന്നുകള്‍ ഫലം കാണുന്നില്ലെന്നും അണുബാധ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കരുണാനിധിയുടെ കാര്യത്തില്‍ അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് ഇന്നലെ വൈകിട്ട് പുറത്തു വന്ന മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നത്.

കരുണാനിധി ഗുരുതരാവസ്ഥയില്‍ തുടരുന്നതിനിടെ അദ്ദേഹത്തിന്റെ മക്കളായ എം.കെ.സ്റ്റാലിനും കനിമൊഴിയും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി ഇന്നു രാവിലെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാണെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് നില വഷളായത്. ഇതോടെ തമിഴ്‌നാട്ടില്‍ സുരക്ഷ ശക്തമാക്കി. രാഷ്ട്രപതി രാംനാഥ് കോവിന്ദും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. കേരളമുഖ്യമന്ത്രി പിണറായി വിജയന്‍, രജനീകാന്ത്, വിജയ്, അജിത്ത് തുടങ്ങിയ പ്രമുഖരും ഇതിനോടകം അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

കനത്ത സുരക്ഷയില്‍ തമിഴ്‌നാട്...

കരുണാനിധിയുടെ ആരോഗ്യനില വഷളായെന്ന വാര്‍ത്ത ഇന്നലെ വൈകിട്ട് പുറത്തു വന്നപ്പോള്‍ തന്നെ കരുണാനിധി ചികിത്സയിലുള്ള കാവേരി ആശുപത്രിയിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമായിരുന്നു. ഇന്ന് വൈകിട്ട് അടുത്ത വന്ന മെഡിക്കല്‍ ബുള്ളറ്റിനിലും കാര്യങ്ങള്‍ ഗുരുതരമാണെന്ന് വ്യക്തമാക്കിയതോടെ കര്‍ശന സുരക്ഷാനടപടികളാണ് അധികൃതര്‍ സ്വീകരിച്ചിട്ടുള്ളത്.....

  • ചെന്നൈ നഗരത്തില്‍ നിന്നുള്ള ബസ് സര്‍വീസുകളുടെ എണ്ണം കുറച്ചു
  • എല്ലാ മദ്യവില്‍പനശാലകളും വൈകിട്ട് ആറ് മണിയ്ക്ക് അടയ്ക്കാന്‍ നിര്‍ദേശം
  • ക്രമസമാധനനില ഡിജിപി വിലയിരുത്തുന്നു...
  • എല്ലാ പൊലീസ് ഉദ്യോഗസ്ഥരോടും ഉടന്‍ യൂണിഫോമില്‍ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം
  • സ്റ്റാലിന്‍ ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തി
  • സ്റ്റാലിന്റെ ഭാര്യയും മറ്റു കുടുംബാംഗങ്ങളും ആശുപത്രിയില്‍ നിന്നും കരഞ്ഞു കൊണ്ട് പുറത്തേക്ക് വന്നു
  • കരുണാനിധിയുടെ ഔദ്യോഗികവസതിയില്‍ നിന്നും കാറുകള്‍ മാറ്റുന്നു
  • രജാജിനഗറില്‍ മാധ്യമങ്ങള്‍ നിലയുറപ്പിച്ചു
  • ചെന്നൈ നഗരത്തില്‍ പലയിടത്തും കടകള്‍ അടയ്ക്കുന്നു. ആളുകള്‍ വീടുകളിലേക്ക് മടങ്ങുന്നു.
  • കാവേരി ഹോസ്പിറ്റലില്‍ നിന്നും അടുത്ത മെഡിക്കല്‍ ബുള്ളറ്റിന്‍ ഉടന്‍ പ്രതീക്ഷിക്കുന്നു 

Updating....