വാർദ്ധക്യത്തിന്റെ അവശതകൾ ഉണ്ടായിരുന്ന അവസാന നാളുകളിലും ലേഖനങ്ങളും കവിതകളുമൊക്കെയായി സാഹിത്യ രംഗത്ത് കലൈഞ്ജർ സജീവമായിരുന്നു
കലൈഞ്ജർ എന്നാൽ കലയിലെയും സാഹിത്യത്തിലെയും ഉന്നതസ്ഥാനീയൻ എന്നാണ് തമിഴിൽ അർത്ഥം . സമകാലിക തമിഴ് സാഹിത്യത്തിനും സിനിമയ്ക്കും നിസ്തുലമായ സംഭാവനകൾ നൽകിയാണ് കരുണാനിധി മടങ്ങിയത്.
സെമ്മൊഴിയാന തമിഴ് മൊഴി......
ആയിരത്താണ്ടും കടക്കുന്ന മഹാപാരമ്പര്യമുള്ള ദ്രാവിഡ ചെന്തമിഴ് മൊഴി, തിരുവള്ളുവരും പരണരും കപിലരും ഔവ്വയാരും ഇളങ്കോവടികളും തുടങ്ങി എത്രയോ മഹാകവികൾ ആശ്രയിച്ച തമിഴ്ഭാഷയുടെ വലിയ ആരാധകനായിരുന്നു കലൈഞ്ജർ. ആ ആരാധനയിൽ നിന്നാണ് 2010 ലെ ലോക ക്ലാസിക്കൽ തമിഴ് സമ്മേളനത്തിനായുള്ള ഈ ഗാനം അദ്ദേഹം ഒരുക്കിയത്.
ദ്രാവിഡ രാഷ്ട്രീയത്തിന് തമിഴ് സാഹിത്യത്തിന്റെ ഇന്ധനം നൽകിയവരിൽ പ്രമുഖൻ കരുണാനിധിയാണ്. കൈയ്യെഴുത്ത് മാസികയിൽ തുടങ്ങി പത്രം , നാടകം , സിനിമ, കവിത എന്നിങ്ങനെ സാഹിത്യത്തിന്റെ വിവധ മേഖലകളെ അദ്ദേഹം അതിന് ഉപയോഗപ്പെടുത്തി. റോമാപുരി പാണ്ഡിയൻ , തെൻപാണ്ടി സിങ്കം ,പൂംപുകാർ, സംഘത്തമിഴ് , കുരലോവിയം, തിരുക്കുറൽ ഉരൈ തുടങ്ങി അസംഖ്യം പുസ്തകങ്ങളിലൂടെ തമിഴ് ജനതയിൽ പൂർവകാല മാഹാത്മ്യബോധം അദ്ദേഹം വളർത്തിയെടുത്തു. നൂറിലധികം കവിതകളും രചിച്ചു.
കരുണാനിധി നൽകിയ സംഭാവന പറയാതെ തമിഴ് സിനിമയുടെ ചരിത്രവും പൂർത്തിയാകില്ല. അദ്ദേഹത്തിന്റെ രചനയിൽ 1952ൽ പുറത്തുവന്ന പരാശക്തി സിനിമ തമിഴ്നാട്ടിൽ വലിയ കോലാഹലങ്ങളുണ്ടാക്കി. ബ്രാഹ്മണിക മേധാവിത്തം, ജന്മി സമ്പ്രദായം, അയിത്തം എന്നവയെ പരാശക്തി ചോദ്യം ചെയ്തു.
മന്ത്രികുമാരി , പണം തുടങ്ങി ദ്രാവിഡ ആശയപ്രചാരണത്തിന് വളമായ വേറെയും ഒരുപാട് ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥ ഒരുക്കി. 70 ലധികം സിനിമകൾ ആ പേനയിൽ നിന്ന് വന്നു. എംജിആർ, ശിവാജി ഗണേഷൻ തുടങ്ങിയ താരങ്ങൾക്ക് ജനഹൃദയങ്ങളിൽ സിംഹാസനം കിട്ടിയത് കലൈഞ്ജരുടെ വാക്കുകളിലൂടെയാണ്.
തമിഴിനോടുള്ള കരുണാനിധിയുടെ ആദരവിൽ നിന്നാണ് ചെന്നൈയിലെ വള്ളുവർ കോട്ടവും കന്യാകുമാരിയിലെ തിരുവള്ളുവർ പ്രതിമയും തലഉയർത്തിനിൽക്കുന്നത്. വാർദ്ധക്യത്തിന്റെ അവശതകൾ ഉണ്ടായിരുന്ന അവസാന നാളുകളിലും ലേഖനങ്ങളും കവിതകളുമൊക്കെയായി സാഹിത്യ രംഗത്ത് കലൈഞ്ജർ സജീവമായിരുന്നു.
