തൊണ്ണൂറുകളുടെ അവസാനം കിട്ടിയ ഇടം ഡിഎംകെ പതിനഞ്ചു കൊല്ലം കാത്തു. കടുത്ത കോൺഗ്രസ് വിരോധിയായിരുന്ന കരുണാനിധി 2004-ൽ അടവു മാറ്റി. സോണിയാഗാന്ധി വിദേശിയല്ലെന്ന പ്രസ്താവന യുപിഎയുടെ പിറവിയിലേക്ക് നയിച്ചു. മൻമോഹൻസിംഗും സോണിയാഗാന്ധിയും ചെന്നൈയിലേക്ക് പറന്ന് പിന്തുണ ഉറപ്പാക്കി
അടിയന്തരാവസ്ഥയ്ക്കു ശേഷം ഇന്ത്യൻ രാഷ്ട്രീയം കണ്ട പല സുപ്രധാന നീക്കങ്ങളിലും മുഖ്യപങ്ക് എം കരുണാനിധിക്കുണ്ടായിരുന്നു. നാല് പ്രധാനമന്ത്രിമാർക്ക് കരുണാനിധിയുടെ പിന്തുണ നിർണ്ണായകമായി.
1999-ൽ ജയലളിത പിൻവാങ്ങിയപ്പോൾ ഒറ്റ വോട്ടിന് എൻഡിഎ സർക്കാർ വീണു. പകരം പിന്തുണയ്ക്ക് എബി വാജ്പേയിയും എൽകെ അദ്വാനിയും ജോർജ് ഫെർണാണ്ടസും ചെന്നൈയിലെത്തി. മൂവരെയും കണ്ട കരുണാനിധി എണീറ്റു. വാജ്പേയിയെ തൻറെ കസേരയിൽ ഇരുത്തി പറഞ്ഞു, ഇവിടെയാണ് താങ്കൾ ഇരിക്കേണ്ടത്.
മുത്തുവേൽ കരുണാനിധിയുടെ ആ പിന്തുണയിൽ വാജ്പേയി അഞ്ചു വർഷം കൂടി പ്രധാനമന്ത്രി കസേരയിൽ തുടർന്നു. എന്നും ഇടതുപക്ഷ മനസ്സായിരുന്നു. തോഴർ അഥവാ സഖാവ് എന്ന വാക്കിനെ സ്നേഹിച്ചു കരുണാനിധി. തീവ്ര വലതുപക്ഷത്തേക്കുള്ള ആ മാറ്റം അതിനാൽ അപ്രതീക്ഷിതമായിരുന്നു.
ദില്ലിയിൽ തൊണ്ണൂറുകളുടെ അവസാനം കിട്ടിയ ഇടം ഡിഎംകെ പതിനഞ്ചു കൊല്ലം കാത്തു. കടുത്ത കോൺഗ്രസ് വിരോധിയായിരുന്ന കരുണാനിധി 2004-ൽ അടവു മാറ്റി. സോണിയാഗാന്ധി വിദേശിയല്ലെന്ന പ്രസ്താവന യുപിഎയുടെ പിറവിയിലേക്ക് നയിച്ചു. മൻമോഹൻസിംഗും സോണിയാഗാന്ധിയും ചെന്നൈയിലേക്ക് പറന്ന് പിന്തുണ ഉറപ്പാക്കി.
വാജ്പേിയും, മൻമോഹൻസിംഗും മാത്രമല്ല ഡിഎംകെയുടെ കരുണയിൽ സൗത്ത് ബ്ളോക്കിലെത്തിയത്. 89-ൽ വിപിസിംഗും 96-ൽ എച്ച് ഡി ദേവഗൗഡയും നയിച്ച മുന്നണികളുടെ ശില്പിയായി. എൻടിരാമറാവു-കരുണാനിധി കൂട്ടുകെട്ട് ഇന്ത്യയിൽ മുന്നണി രാഷ്ട്രീയത്തിന് ഊർജ്ജം പകർന്നു.
അടിയന്തരാവസ്ഥ കാലത്ത് ജോർജ് ഫെർണാണ്ടസിനെ സ്വന്തം വീട്ടിൽ പാർപ്പിച്ച് അറസ്റ്റ് തടഞ്ഞു. ഷെയ്ക് അബ്ദുള്ളയെ ജയിലിൽ പോയി കണ്ടു. കോൺഗ്രസിനെ തള്ളി കർപ്പൂരി താക്കൂർ ബീഹാറിൽ മുഖ്യമന്ത്രിയാകുന്നത് കാണാൻ നേരിട്ടെത്തി. ഗോവധനിരോധന ബില്ല് പാർലമെൻറ് പാസാക്കുന്നത് പ്രതിരോധിച്ചു. ഉത്തരേന്ത്യൻ രാഷ്ട്രീയം പലപ്പോഴും ചെന്നൈയിലിരുന്ന് മുത്തുവേൽ കരുണാനിധി നിയന്ത്രിച്ചു.
