സംഭവം നടന്നത് കഴിഞ്ഞ ഞായറാഴ്ച രാത്രി
കാസര്‍ഗോഡ്: കാസർഗോഡ് കഞ്ചാവ് മാഫിയാസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു. ബേക്കൽ സ്വദേശി കോലാച്ചി നാസറാണ് ദുബൈയിലേക്ക് കടന്നത്. പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കുന്നതിന് മുന്‍പേ പ്രതി രക്ഷപെടുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ബേക്കൽ പാലക്കുന്നിലെ സ്വകാര്യ കെട്ടിടത്തിനകത്ത് കഞ്ചാവ് മാഫിയാ സംഘങ്ങള്‍ ഏറ്റുമുട്ടിയത്. സംഘർഷം മൂർച്ഛിച്ച് വെടിവെപ്പിൽ കലാശിക്കുകയായിരുന്നു. പാലക്കുന്ന് സ്വദേശി ഫയാസിനാണ് കാലിന് വെടിയേറ്റത്. ബേക്കൽ സ്വദേശിയായ കോലാച്ചി നാസറാണ് വെടിവച്ചത്. ഇതിന്‍റെ ദൃശ്യങ്ങൾ സമീപത്തെ കടയിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഫയാസിനെ മംഗലാപുരത്തെ ആശുപത്രിയിലെത്തിച്ച നാസർ അതുവഴി ബംഗളൂരുവിലെത്തുകയായിരുന്നു. സിസിടിവി ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞെന്നും പൊലീസ് അന്വേഷണം മുറുകുന്നുവെന്നും അറിഞ്ഞ നാസർ ഉടനെ തന്നെ ദുബൈയിലേക്ക് കടന്നു.
പൊലീസ് ലുക്കൗട്ട് നോട്ടീസ് തയ്യാറാക്കുന്നതിന് മുമ്പേ നാസർ ബംഗളൂരു വിമാനത്താവളം വഴി രക്ഷപെട്ടിരുന്നു. കള്ളത്തോക്ക് ഉപയോഗിച്ചാണ് വെടിവെപ്പ് നടന്നതെന്നാണ് സൂചന. സംഭവത്തിൽ ഒരാളെയും ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. വെടിയേറ്റ ഫയാസും എതിർസംഘവും തമ്മിൽ ഒത്തുതീർപ്പിലെത്തിയതായും സൂചനയുണ്ട്. ഇത് പൊലീസ് അന്വേഷണത്തെ പ്രതിസന്ധിയിലാക്കുന്നു. വിദേശത്തേക്ക് കടന്ന പ്രതിയെ തിരികെ എത്തിക്കാനുള്ള നീക്കങ്ങൾ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
