കഞ്ചാവ് മാഫിയകള്‍ തമ്മില്‍ വെടിവെപ്പ് വെടിയേറ്റ യുവാവ് ആശുപത്രിയില്‍
കാസര്ഗോഡ്:കാസർഗോഡ് ബേക്കലിൽ കഞ്ചാവ് മാഫിയകൾ തമ്മിൽ വെടിവെപ്പ്. കാലിന് വെടിയേറ്റയുവാവവിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. ബേക്കൽ പാലക്കുന്നിലെ സ്വകാര്യ കെട്ടിടത്തിനകത്താണ് കഞ്ചാവ് മാഫിയ കേന്ദ്രീകരിച്ചിരുന്നത്.
ഇതിനിടെ വാക്ക് തർക്കം ഉണ്ടാകുകയും വെടിവെപ്പിൽ കലാശിക്കുകയുമായിരുന്നു. പാലക്കുന്ന് സ്വദേശി ഫയാസിനാണ് കാലിന് വെടിയേറ്റത്. ഇയാളെ ആദ്യം കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മംഗലാപുരത്തേക്ക് മാറ്റി. ബേക്കൽ സ്വദേശിയായ കോലാച്ചി നാസറാണ് വെടിവച്ചെതെന്നാണ് സൂചന. ഇയാൾ തന്നെയാണ് ഫയാസിനെ മംഗലാപുരത്തേക്ക് കൊണ്ടുപോയത്.
ഞായറാഴ്ചയായതിനാൽ കടകളൊന്നും തുറന്നിരുന്നില്ല. അത്കൊണ്ട് തന്നെ വിവരം പുറത്തറിഞ്ഞില്ല. രക്തക്കറ കണ്ടതിനെ തുടർന്നാണ് പൊലീസെനെ വിവരം അറിയിക്കുന്നത്. പിന്നീട് പൊലീസെത്തി പരിശോധന നടത്തി. സംഘത്തിലുണ്ടായിരുന്നവരെല്ലാം ഒളിവിലാണ്. മംഗലാപുരത്തെ ആശുപത്രിയിലെത്തി ഫയാസിൽ നിന്നും മൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. നേരത്തേയും സാമാനമായ രീതിയിൽ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. ആദ്യമായാണ് വെടിവെപ്പുണ്ടാകുന്നത്.
