കാസര്‍കോട്: കളക്ടറേറ്റിലെ തൊണ്ടി മുതല്‍ പോലീസ് സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍. ഒരാശ്ച മുമ്പ് കാസര്‍കോട് കളക്ടറേറ്റില്‍ നിന്നും മോഷണം പോയ വിലകൂടിയ ടൈല്‍സ് പെട്ടികളാണ് വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. അവധി ദിവസമായ രണ്ടാം ശനിയാശ്ച സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ നോക്കിനില്‍ക്കെ മോഷ്ടാവ് ടൈല്‍സ് എടുത്ത് നീല കാറില്‍ പോയതിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. 

ഇതേതുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അനേഷണം നടത്തി വരുന്നതിനിടെയാണ് മോഷണം പോയ ടൈല്‍സ് പോലീസ് സ്റ്റേഷനില്‍ കാണപ്പെട്ടത്. ഇരുപത്തിനാല് മണിക്കൂറും സി.സി.ടി.വിയും കനത്ത സുരക്ഷയുമുള്ള കളക്ടറേറ്റില്‍ നിന്നും ടൈല്‍സ് കടത്തി കൊണ്ടു പോയവരെ പിടികൂടാന്‍ കഴിയാതെ പോലീസും ബന്ധപ്പെട്ടവരും നിന്നു വട്ടം കറങ്ങുന്നതിനിടെയാണ് ഇതേ സുരക്ഷാ സംവിധാനങ്ങളുള്ള പോലീസ് സ്റ്റേഷനില്‍ കള്ളന്‍ ടൈല്‍സ് തിരിച്ചു കൊണ്ടുവച്ചിരിക്കുന്നത്.