
കാസര്‍ഗോഡ് : ക്രിക്കറ്റ് കളിക്കിടെ മരിച്ചു വീണ പത്മനാഭന് അന്തിയുറങ്ങാന്‍ ലത്തീഫിന്റെ മണ്ണ്. കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തിന് സമീപത്തുള്ള ജോഡ്കല്ലില്‍ നിന്നാണ് അത്യപൂര്‍വ്വ മതസൗഹാര്‍ദ്ദത്തിന്റെ സാക്ഷ്യം. ഇന്ന് രാവിലെ ജോഡ്കല്ലില്‍ നടന്ന പ്രാദേശീക ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞ് വീണ പത്മനാഭന്‍ കളിക്കളത്തില്‍ കിടന്ന് മരിക്കുകയായിരുന്നു. പത്മനാഭന്റെ മൃതദ്ദേഹം സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ സമീപവാസിയായ ലത്തീഫ് തന്റെ പറമ്പില്‍ സംസ്‌കാരത്തിനുള്ള സൗകര്യം ചെയ്തു കെടുക്കുകയായിരുന്നു.
ജോഡ്കല്ലിലെ എസ്.ആര്‍.എല്‍.പി.സ്‌കൂളിനടുത്തെ നാരായണന്‍ മടിവാളയുടെയും ചന്ദ്രാവതിയുടെയും മകനായ പദ്മനാഭന്‍ന്റെ (20) മൃതദ്ദേഹമാണ് അയല്‍വാസിയും നാട്ടിലെ പൊതുപ്രവര്‍ത്തകനുമായ അബ്ദുള്‍ ലത്തീഫിന്റെ വീട്ടുപറമ്പില്‍ സംസ്‌കരിച്ചത്. ചെറുപ്പത്തിലേ ബാധിച്ച ഹൃദ്‌രോഗത്തെ വകവെക്കാതെ ക്രിക്കറ്റ് കളിയില്‍ മുഴുകിയ പദ്മനാഭന്‍ നാട്ടിലെ മിന്നും താരമാണ്. മൊബൈല്‍ ടെക്നീഷ്യന്‍ കൂടിയായ ഈ യുവാവ് പ്രഫഷണല്‍ ക്രിക്കറ്ററാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന ലീഗ് മത്സരങ്ങളില്‍ ജോഡ്കല്ല് ജനാര്‍ദന, കാലാവര്‍ധി ക്ലബുകളുടെ പ്രധാന ബൗളറാണ് പത്മനാഭന്‍.
ജോഡ്കല്‍ മിയാപദവില്‍ നടന്ന മത്സരത്തില്‍ അഞ്ച് പന്തുകള്‍ എറിഞ്ഞ പദ്മനാഭന്‍ ഗ്രൗണ്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. സഹകളിക്കാര്‍ ഓടിയെത്തുമ്പോഴേക്കും പദ്മനാഭന്‍ മരിച്ചിരുന്നു. മൃതദ്ദേഹം വീട്ടിലെത്തിച്ചപ്പോഴേക്കുമാണ് നാടിന്റെ താരത്തെ സംസ്‌കരിക്കാന്‍ സ്ഥലമില്ലെന്ന കാര്യം ഏവരും അറിയുന്നത്. ജോഡ്കല്ലില്‍ വെറും നാല് സെന്റ് ഭൂമിയാണ് പദ്മനാഭനുള്ളത്. ഇതില്‍ വീടും ശുചിമുറിയും. നിന്നുതിരിയാന്‍ ഇടമില്ലാത്ത വീട്ടിലേക്ക് കായികതാരത്തിന്റെ മരണ വാര്‍ത്ത അറിഞ്ഞ് എത്തിയ നൂറുകണക്കിന് നാട്ടുകാരും സുഹൃത്തുക്കളും പദ്മനാഭന്റെ നിര്‍ധനരായ മാതാപിതാക്കളെ ആശ്വസിപ്പിക്കുന്നതിനിടെയാണ് ലത്തീഫ് കൂടി നിന്നവരെ സാക്ഷിയാക്കി പദ്മാനഭന്റെ മൃതുദേഹം തന്റെ വീട്ടുവളപ്പിലേക്ക് എടുക്കാന്‍ ആവശ്യപ്പെട്ടത്.
പദ്മനാഭന്റെ 'അമ്മ ചന്ദ്രാവതി അടുത്തിടെ മരണപ്പെട്ടപ്പോഴും ലത്തീഫിന്റെ വീട്ട് പറമ്പിലാണ് സംസ്‌കരിച്ചത്. നിരവധി ലീഗ് മത്സരങ്ങള്‍ കളിച്ച
പദ്മനാഭന്‍ കാസര്‍കോട് ജില്ലാ ടീമിലും ഇടം നേടിയിരുന്നു. നാടിന്റെ നൊമ്പരമായ പദ്മനാഭന്റെ മരണം ജോഡ്കല്ല് ഗ്രാമത്തെ കണ്ണീരിലാഴ്ത്തുമ്പോള്‍ നാലുസെന്റിലെ വീട്ടില്‍ നാരായണന്‍ മടിവാള് അനാഥനാകുകയാണ്. ഭാര്യ ചന്ദ്രവതിയും മകന്‍ പദ്മനാഭനും അന്തിയുറങ്ങുന്ന ലത്തീഫിന്റെ വീട്ടു പറമ്പിലേക്ക് നോക്കി കണ്ണീരൊഴുക്കുകയാണ് ഈ അമ്പത്തിയഞ്ചുകാരന്‍.
പത്മനാഭന് കളിക്കിടെ മരിച്ചു വീഴുന്ന വീഡിയോ കര്‍ണാടക ന്യൂസ് ചാനലായ ന്യൂസ്-9 പുറത്തുവിട്ടു. അതേസമയം ആവശ്യമായ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ മത്സരം സംഘടിപ്പിച്ചവര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തിട്ടുണ്ട്.
