കാസര്‍കോഡ്: കാസര്‍കോഡ് മദ്രസ അധ്യാപകന്‍റെ കൊലപാതകത്തില്‍ പ്രതികള്‍ പൊലീസിന്‍റെ പിടിയിലായി.ഇന്നലെ ഉച്ചയോടെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത പ്രതികള്‍ കുറ്റം സമ്മതിച്ചതായാണ് സൂചന. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപെടുത്തിയേക്കും.
കാസര്‍കോഡ് സ്വദേശികളായ മൂന്നു പേരാണ് പൊലീസിന്‍റെ പിടിയിലായത്. ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. കൊലപാതകത്തിന്‍റെ പിന്നാലെ രണ്ട് പേര്‍ നാട്ടില്‍ നിന്നും മാറിനിന്നതാണ് പ്രതികളെ കണ്ടെത്താൻ പൊലീസിന് സഹായകരമായത്.വിവരമറിഞ്ഞ പ്രത്യേക അന്വേഷണ സംഘത്തിന് ഇവരെ പെട്ടന്ന് കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞതോടെയാണ് സംഘത്തിലെ മൂന്നാമനും പൊലീസിന്‍റെ വലയിലായത്.
ബൈക്കിലെത്തിയാണ് മൂന്നുപേരും ചേര്‍ന്ന് കൊലപാതകം നടത്തിയതെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചതായാണ് സൂചന. കൊലപാതകത്തിന്‍റെ കാരണം പൊലീസ് പുറത്തുവിട്ടിട്ടില്ല. തെളിവെടുപ്പും കൊലപാതകത്തിനുപയോഗിച്ച ആയുധം കണ്ടെടുക്കലും കഴിഞ്ഞ ശേഷം ഉച്ചയോടെയായിരിക്കും മൂന്നുപേരുടേയും അറസ്റ്റ് രേഖപെടുത്തുക. ഉത്തരമേഖല ഡി.ജി.പി.രാജേഷ് ദിവാൻ രാത്രി പതിനൊന്നുമണിയോടെ കാസര്‍കോഡെത്തി പ്രതികളെ ചോദ്യം ചെയ്തു.
കാഞ്ഞങ്ങാട്ടെ വ്യദ്ധയുടെ കൊലപാതകമടക്കം കാസര്‍കോഡ് സമീപകാലത്തുണ്ടായ പല കേസുകളിലും പ്രതികളെ കണ്ടെത്താനാവാതെ പൊലീസ് ഇരുട്ടില്‍ തപ്പുമ്പോള്‍ സംസ്ഥാനത്തെതന്നെ നടുക്കിയ മദ്രസ അധ്യാപകന്‍റെ കൊലപാതകകേസില്‍ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍തന്നെ പ്രതികളെ പിടികൂടാൻ കഴിഞ്ഞത് പ്രത്യേക അന്വേഷണസംഘത്തിന്‍റെ നേട്ടമാണ്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാൻ പൊലീസ് കാസര്‍കോഡ് മുൻകരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്.
