കിരാതമായ ഈ കൊലപാതകത്തിനെതിരെ നമ്മള്‍ അതിശക്തമായി പ്രതികരിക്കണം. പ്രവര്‍ത്തകര്‍ക്ക് ഏങ്ങനെയൊക്കെ പ്രതികരിക്കാന്‍ പറ്റുമോ ആ പ്രവര്‍ത്തകരുടെ വികാരം പാര്‍ട്ടി ഉള്‍ക്കൊള്ളുന്നു. അവരുടെ സംരക്ഷണം പാര്‍ട്ടി ഏറ്റെടുക്കുമെന്നും കെ സുധാകരന്‍ വീഡിയോയില്‍ പറയുന്നു. 

തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ സിപിഎം വലിയ വില നല്‍കേണ്ടിവരുമെന്ന് കെ. സുധാകരന്‍. ഒരു രാഷ്ട്രീയ സംഘര്‍ഷത്തിന്‍റെ പേരിലുള്ള കൊലയല്ല ഇത്. നേരത്തെ പ്രാദേശീക തലത്തിലുണ്ടായിരുന്ന നിസാരമായ ഒരു പ്രശ്നത്തിന്‍റെ പേരില്‍ കാത്തിരുന്ന് വെട്ടിനുറുക്കിക്കൊന്ന പൈശാചികമായ കൊലപാതകം സിപിഎമ്മിന്‍റെ രാഷ്ട്രീയ ശൈലിയുടെ ഭാഗമാണെന്നും കെ സുധാകരന്‍ തന്‍റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് വീഡിയോയില്‍ പറയുന്നു. 

സിപിഎമ്മിന്‍റെ അക്രമരാഷ്ട്രീയത്തോട് അതേ രീതിയില്‍ തന്നെ പ്രതികരിക്കാനാണ് കെ സുധാകരന്‍ ആവശ്യപ്പെടുന്നത്. സുഹൈബിന്‍റെ ഒന്നാം ചരമവാര്‍ഷിക വേളയിലെ നടന്ന ഈ കൊലപാതകത്തിന് സിപിഎം വലിയ വിലകൊടുക്കേണ്ടി വരും. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇല്ലാതാക്കിയാല്‍ കോണ്‍ഗ്രസ് ഇല്ലാതാകുമോയെന്ന് സിപിഎം ആലോചിക്കണം. അക്രമം കൈവിട്ട് സിപിഎമ്മിനൊരു രാഷ്ട്രീയ ശൈലിയില്ലെന്നാണ് ഒരോ സംഭവവും കാണിക്കുന്നത്. 

കിരാതമായ ഈ കൊലപാതകത്തിനെതിരെ നമ്മള്‍ അതിശക്തമായി പ്രതികരിക്കണം. പ്രവര്‍ത്തകര്‍ക്ക് ഏങ്ങനെയൊക്കെ പ്രതികരിക്കാന്‍ പറ്റുമോ ആ പ്രവര്‍ത്തകരുടെ വികാരം പാര്‍ട്ടി ഉള്‍ക്കൊള്ളുന്നു. അവരുടെ സംരക്ഷണം പാര്‍ട്ടി ഏറ്റെടുക്കുമെന്നും കെ സുധാകരന്‍ തന്‍റെ പേജില്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ പറയുന്നു. ഉത്തരവാദിത്വ ബോധത്തോടെയാണ് താനിത് സംസാരിക്കുന്നതെന്നും കെ സുധാകരന്‍ പറയുന്നു. 

പൊതുജനങ്ങളുടെ അസൌകര്യത്തെ മാനിച്ച് ഇരട്ടക്കൊലയില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലയില്‍ നാളെ കോണ്‍ഗ്രസ് ഹര്‍ത്താലാചരിക്കുകയാണ്. ഈ കൊലപതകം ഇവിടെ തീരുമെന്ന് കരുതണ്ട. ഇതിനി കനത്ത വില സിപിഎം നല്‍കേണ്ടിവരും. സിപിഎമ്മിന്‍റെ ഈ കൊലപാതകത്തെ അതിശക്തമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിരോധിക്കണം. അതിനായി പാര്‍ട്ടി പ്രവര്‍ത്തകരുടെ സംരക്ഷണം പാര്‍ട്ടി ഏറ്റെടുക്കും. വികാരപരമായും രാഷ്ട്രീയപരമായി ഈ പ്രശ്നത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റെടുക്കണമെന്നും കെ സുധാകരന്‍ തന്‍റെ ഫേസ്ബുക്കില്‍ പങ്കുവച്ച് വീഡിയോയില്‍ പറയുന്നു. 

ഇതിനിടെ കാസര്‍കോട് ജില്ലയിലെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലയില്‍ മാത്രമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. എന്നാല്‍ സംസ്ഥാന വ്യാപകമായ ഹര്‍ത്താലിനാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡീന്‍ കുരിയാകോസിന്‍റെ ആഹ്വാനം.