കാസര്‍കോട്:  കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനും ശരത് ലാലിനുമെതിരെ നേരത്തെയും സോഷ്യല്‍ മീഡിയയില്‍ കൊലവിളി നടന്നിരുന്നതായി കണ്ടെത്തി. കൊലപാതകത്തിന് പിടിയിലായ പ്രതികളുള്‍പ്പെടെ കൊലവിളി നടത്തിയവരിലുണ്ട്. നേരത്തെ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ബന്ധുക്കള്‍ അടക്കം ഈ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ചേര്‍ത്ത് പൊലീസിന് പരാതി നല്‍കിയെങ്കിലും പൊലീസ് ഇത് കാര്യമായി എടുത്തില്ലെന്നും ആരോപണമുണ്ട്.

പെട്ടെന്നുള്ള പ്രകോപനമല്ല ഇരട്ട കൊലപാതകത്തിന് പിന്നില്‍ എന്ന് തെളിയിക്കുന്നതാണ് സിപിഎം പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റുകള്‍ പറയുന്നത്. കൊലപ്പെട്ട ശരത് ലാലിനെതിരെയാണ് പ്രധാനമായും കമന്‍റുകള്‍ പ്രത്യക്ഷപ്പെട്ടത്. കേസിലെ അഞ്ചാം പ്രതിയായ അശ്വിന്‍ അപ്പു ഇവന്‍ ചാവന്‍ റെഡിയായി, ഞങ്ങള്‍ എല്ലാം സെറ്റാണ് എന്നാണ് ഒരു കമന്‍റില്‍ പറയുന്നത്. ശരത് കല്ല്യോട്ടെ ഒരു നേര്‍ച്ച കോഴിയാണ് എന്ന കമന്‍റും ഇയാള്‍ ഇട്ടിരുന്നു.

എന്നാല്‍ കൊലപാതകം നടന്ന ഉടന്‍ ഈ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പിന്‍വലിക്കപ്പെട്ടിരുന്നു. പക്ഷെ പൊലീസില്‍ നല്‍‌കിയ പരാതിയില്‍ നേരത്തെ തന്നെ ഇവയുടെ സ്ക്രീന്‍ ഷോട്ടുകള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുക്കാന്‍ ഇരിക്കെയാണ് സോഷ്യല്‍ മീഡിയ കൊലവിളിയുടെ തെളിവുകള്‍ എത്തുന്നത്.

അതേ സമയം കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മുഴുവൻപേരെയും  പിടികൂടിയെന്നാണ് ലോക്കൽ പൊലീസിന്‍റെ അവകാശവാദം. പ്രതികളെ സഹായിച്ച ചിലരെ മാത്രമാണ് പിടികൂടാനുള്ളത്. മുഖ്യപ്രതി പീതാംബരന് രാഷ്ട്രീയ വൈരം തീർക്കാൻ സുഹൃത്തുക്കളുമായി സംഘം ചേർന്ന് നടത്തിയ കൊലപാതകം എന്നാണ് റിമാൻഡ് റിപ്പോർട്ട്. തെളിവ് ശേഖരണവും പൂർത്തിയാക്കി. ലോക്കൽ പൊലീസ് കേസ് നാളെ ക്രൈംബ്രാഞ്ച് സംഘത്തിന്  കൈമാറും.

കേസിലെ ഉന്നത ഗൂഡാലോചന പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കൊല്ലപ്പെട്ടവരുടെ കുടുംബം.  കെ സുധാകരൻ ഇന്ന് കൃപേഷിന്‍റെയും ശരത്തിന്‍റെയും വീടുകളിലെത്തും. അക്രമം നടത്തിയവ‍ർക്കെതിരെ കേസ് ശക്തമാക്കിയിട്ടുണ്ട്. ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ അടക്കമുള്ളവർ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദർശിച്ചേക്കുമെന്ന സൂചനയും ഉണ്ട്.