കാസര്‍കോട്: ഇരട്ടക്കൊലയില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് സര്‍ക്കാരും സിപിഎമ്മും ആവര്‍ത്തിക്കുകയാണെങ്കിലും പൊലീസ് നിസ്സഹായാവസ്ഥയിലാണ്. 24 മണിക്കൂറിനിടെ പ്രധാനപ്രതിയടക്കം ആറ് പേരെ കസ്റ്റഡിയിൽ എടുത്തെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ സമ്മർദ്ദവും പൊലീസിനുമേലുണ്ട്.

പാര്‍ട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പിന്നാലെ മന്ത്രിസഭയിലെ രണ്ടാമനായ ഇപി ജയരാ‍ജനും ആവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്ന് തന്നെയാണ്. ആരെയും സംരക്ഷിക്കില്ലെന്നാണ് ജയരാജന്റെ വിശദീകരണം. ഉന്മുലനസിദ്ധാന്തം പാര്‍ട്ടി വെച്ച് പൊറുപ്പിക്കില്ലെന്ന് വിഎസ് അച്യുതാനന്ദനും വ്യക്തമാക്കി.

എന്നാല്‍ പാര്‍ട്ടിയും സര്‍ക്കാരും പറയുന്നത് പോലയല്ല അന്വേഷണത്തിന്റെ ഗതി. 24 മണിക്കൂര്‍ പീതാംബരനടക്കം കൃത്യത്തിന്റെ എല്ലാ വിശദാംശങ്ങളുമറിയുന്നവരെ കസ്റ്റഡിയില്‍ വച്ചെങ്കിലും അവര്‍ പറയുന്ന കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലുള്ള മൊഴിയില്‍ കുരുങ്ങിക്കിടക്കുകയാണ് പോലിസ്. കൊലയാളികളെക്കുറിച്ച് വ്യക്തമായ സൂചനകളില്ല. 

പീതാംബരനെ പോലൊരു താഴെക്കിടയിലുള്ള പ്രവര്‍ത്തകന് ആസൂത്രണം നടത്താനും കൊലയാളിസംഘത്തെ എത്തിക്കാനും ഒളിയിടം ഒരുക്കാനുമൊക്കെ തനിച്ച് സാധ്യമാകില്ല. പക്ഷെ പൊലീസിന് ആ കണ്ണികളിലേക്കെത്താന്‍ മടിയുണ്ട്. തുടക്കം മുതല്‍ ഒരു എംഎല്‍എയും മുന്‍ എംഎല്‍എയും കേസിലിടിപെട്ടതായി പോലിസ് സൂചിപ്പിക്കുന്നു. 

പ്രതികളെ കടത്തിയ വാഹനങ്ങള്‍ കസ്റ്റഡിയലെടുക്കുന്നതിലും ഇടപെടലുണ്ടായി. പ്രതികളെ പൊലീസ് ഒളിയിടത്തില്‍ നിന്ന് കണ്ടെത്തിയതല്ല ഹാജരാക്കുകയായിരുന്നു എന്നാണ് സൂചന. പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്ത ഒരാളെ ആദ്യം നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ വിട്ടയച്ചിരുന്നു. മുഖ്യമന്ത്രി പരസ്യമായി അവകാശപ്പെടുന്ന സ്വതന്താന്വേഷണമൊന്നും പോലിസിന് സാധ്യമാകുന്നില്ലെന്ന് സാരം.