കാസര്‍കോട്: ലക്ഷം വീട്ടില്‍ നിന്നും ലക്ഷങ്ങള്‍ വില്‍ക്കാന്‍ കണ്ണേട്ടനെത്തുന്നത് നാടന്‍ പാട്ടിന്റെ ഈരടിയില്‍. കാസര്‍കോട് വെള്ളരിക്കുണ്ടിലാണ് നാളെയാണ്... നാളെയാണ്.. എന്നതിനുപകരം പഴയകാല സൂപ്പര്‍ ഹിറ്റ് പാട്ടുകളുമായി കണ്ണേട്ടനെന്ന 55 കാരന്‍ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നത്.
വര്‍ഷങ്ങളായി വെള്ളരിക്കുണ്ട് ടൗണില്‍ ലോട്ടറി ടിക്കറ്റ് വിറ്റുവരുന്ന കണ്ണേട്ടന്‍ പഴയ പാട്ടുമായി എത്തുന്നത് സൈക്കിളിലാണ്. ബാറ്ററി ഘടിപ്പിച്ച പാട്ടുപെട്ടിയില്‍ കാലത്തിന് വഴിമാറിയ മൈക്കുസഞ്ചിയും നീളമുള്ള അലുമിനിയം ടോര്‍ച്ചും കാണാം. ആരെയും അതിശയിപ്പിക്കുന്ന പാട്ടുമായി എത്തുന്ന കണ്ണേട്ടന്‍ ദിനംപ്രതി വില്‍ക്കുന്നത് നിത്യ ജീവിതത്തിനുള്ള ടിക്കറ്റാണ്.
കായലരികത്തു വലയെറിഞ്ഞപ്പോള്‍ വളകിലുക്കിയ സുന്ദരി.. ആടാം പാടാം ആരോമല്‍ ചേകവര്‍ പണ്ട് അങ്കം വെട്ടിയ കഥകള്‍... ആറ്റും മണമേലെ ഉണ്ണിയാര്‍ച്ച എന്നീ മനോഹഹാരപാട്ടിനൊപ്പം ഒപ്പനപ്പാട്ടും മാപ്പിളപ്പാട്ടും മാര്‍ഗം കാളിയുമെല്ലാം കണ്ണേട്ടന്റെ പാട്ടു പെട്ടിയില്‍ നിന്ന് പുറംലോകം കേള്‍ക്കും.
ആരുംകൊതിക്കുന്ന പാട്ടും ആര്‍ക്കും ശല്യമാകാത്ത ഭാഗ്യ വില്‍പ്പനയും തുടരുന്ന കണ്ണേട്ടന്‍ മകന്റെ പഠിപ്പും കുടംബ ജീവിതവുമായി മുന്നോട്ടുതന്നെ. പതിച്ചു കിട്ടിയ ലക്ഷം വീട്ടിലേക്ക് എന്നെങ്കിലും ഭാഗ്യ ദേവത കടന്നുവരും എന്ന വിശ്വാസത്തിലാണ് കണ്ണേട്ടന്‍.
