കർണാടക സ്വദേശിയായ യുവതി വീടിനകത്ത് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ തേടി പൊലീസ് കർണാടകയിൽ.
കാസർകോട്: കർണാടക സ്വദേശിയായ യുവതി വീടിനകത്ത് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ തേടി പൊലീസ് കർണാടകയിൽ. രണ്ട് സംഘമായി തിരിഞ്ഞാണ് കേരള പൊലീസ് കർണാടകയിൽ അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കർണാടക ഹുബ്ബള്ളി സ്വദേശി സരസ്വതിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. വിദ്യാനഗറിലെ വാടക വീടിനകത്ത് പുതപ്പ് കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് സംഭവം പുറത്തറിയുന്നത്. ഭർത്താവ് കർണാടക സ്വദേശിയായ ചന്ദ്രുവിനൊപ്പമാണ് യുവതി താമസിച്ചിരുന്നത്.
മൃതദേഹം കണ്ടെത്തുന്നതിന് രണ്ട് ദിവസം മുമ്പ് കർണാടകയിലേക്ക് കടന്ന ഇയാളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യകതമായിരുന്നു. സംഭവദിവസം തന്നെ കർണാടക പൊലീസിന്റെ സഹായത്തോടെ അന്വേഷണം തുടങ്ങിയെങ്കിലും ചന്ദ്രുവിനെ കണ്ടെത്താനായിരുന്നില്ല.
മൊബൈൽ ഫോൺ സ്വിച്ചോഫാക്കിയ നിലയിലാണ്. കർണാടകയിലെ സ്വന്തം നാട്ടിൽ എത്തിയിട്ടില്ലെന്നും വ്യക്തമായി. ഇതോടെയാണ് കൂടുതൽ പൊലീസുകാരെ അന്വേഷണത്തിനായി കർണാടകയിലേക്കയച്ചത്. ചന്ദ്രു സിം കാർഡ് സംഘടിപ്പിച്ചത് മറ്റൊരാളുടെ തിരിച്ചറിയൽ കാർഡ് നൽകിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇയാളുടെ സ്ഥിരം കൂട്ടുകാരും മറ്റും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുണ്ട്. മംഗളൂരു ഉഡുപ്പി കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വഷണം. പ്രതിയെ പിടികൂടാനായില്ലെങ്കിൽ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.
