തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമം നടത്തുമെന്നും ആയങ്കിക്ക് ജാമ്യം ലഭിച്ചാൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പ്രചോദനമാകുമെന്നും റിമാൻഡ് റിപ്പോർട്ട് വിശദമാക്കുന്നത്
കണ്ണൂർ:അർജുൻ ആയങ്കി നിരവധി ക്രിമിനൽ കേസുകളിൽ പെട്ടയാളെന്നും ജാമ്യം ലഭിച്ചാൽ നിയമവ്യവസ്ഥയെ നിസ്സാരവൽക്കരിച്ച് കുറ്റകൃത്യം ആവർത്തിക്കുമെന്നും അർജുൻ ആയങ്കിയുടെ റിമാന്റ് റിപ്പോർട്ട്. റിമാൻഡ് റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമം നടത്തുമെന്നും ആയങ്കിക്ക് ജാമ്യം ലഭിച്ചാൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പ്രചോദനമാകുമെന്നും റിമാൻഡ് റിപ്പോർട്ട് വിശദമാക്കുന്നത്. ആഭ്യന്തര മന്ത്രിക്കെതിരെ പോസ്റ്റിട്ട മൊബൈൽ ഫോൺ കണ്ടെത്തേണ്ടതിനാൽ അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തേണ്ടതാണെന്നും റിമാന്റ് റിപ്പോർട്ടിൽ പരാമർശമുണ്ട്.
അഭിഭാഷകയെ കാണാൻ എത്തിയപ്പോഴാണ് കണ്ണൂർ നഗരത്തിലെ അപ്പാർട്ട്‌മെന്റിൽ നിന്ന് പുലർച്ചെ ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തളിപ്പറമ്പിൽ നിന്നും ഓട്ടോയിലും പിന്നീട് കാറിലും കണ്ണൂരേക്ക് വന്ന ആയങ്കിയെ സിസിടിവി പരിശോധിച്ചാണ് പൊലീസ് പിന്തുടർന്നത്. ആഭ്യന്തരമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ കേസെടുത്ത് കൂത്ത്പറന്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അർജുനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുക ളിൽപ്പെട്ട ആളെന്നും ജാമ്യം ലഭിച്ചാൽ നിയമവ്യവസ്ഥയെ നിസ്സാരവൽക്കരിച്ച് കുറ്റകൃത്യം ആവർത്തിക്കുമെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കി.
തലശ്ശേരി സബ്ജയിലിൽ കഴിയുന്ന അർജുൻ നാളെ ജാമ്യ അപേക്ഷ നൽകുമെന്നാണ് വിവരം. വിവിധ ജില്ലകളിലായി 23 കേസുകളാണ് ഇതുവരെ അർജുനെതിരെ എടുത്തിട്ടുള്ളത്. സ്ഥിരം കുറ്റവാളിയെന്ന റിപ്പോർട്ട് നൽകി ആയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നീക്കവും പൊലീസ് നടത്തുന്നുണ്ട്.


