ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വിഘടന വാദികള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ബന്ദ് പുരോഗമിക്കുന്നു. ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്‌സര്‍ അഹമ്മദ് ഭട്ട് കൊല്ലപ്പെട്ടതിന് പിന്നാലെ സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിഞ്ഞവരെ സൈന്യം നേരിട്ടതില്‍ പ്രതിഷേധിച്ചാണ് ബന്ദ്. ഇന്നലെയാണ് ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയും ഹിസ്ബുള്‍ കമാന്ററുമായ സബ്‌സര്‍ ഭട്ടിനെ സൈന്യം ത്രാലില്‍ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. വിഘടനവാദ സംഘടനകളുടെ നേതൃത്വത്തില്‍ ത്രാലിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. ഭട്ടിന്റെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കശ്മീര്‍ താഴ്വരയില്‍ പലയിടത്തും സംഘര്‍ഷമുണ്ടാവുകയും, ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത് തുടരുകയാണ്. കനത്ത സുരക്ഷയാണ് ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.