ദില്ലി: ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ഗവര്‍ണര്‍ എന്‍ എന്‍ വോറയെ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുവരുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായും വോറ കൂടിക്കാഴ്ച്ച നടത്തും. പിഡിപി-ബിജെപി ബന്ധം വഷളാകുന്നതിനിടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജമ്മു കശ്മീരിലെത്തി.

ജമ്മു കശ്മീരില്‍ സുരക്ഷ സേനയ്‌ക്കെതിരായ കല്ലേറും ഭീകരാക്രമണവും തുടരുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ എന്‍ എന്‍ വോറയെ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുവരുത്തിയത്. മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്തി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ഗവര്‍ണറെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. പത്ത് മാസത്തില്‍ സംഘര്‍ഷത്തിലും ഭീകരാക്രമണത്തിലും നൂറോളം നാട്ടുകാര്‍ മരിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രി സ്ഥിതിഗതി വിലയിരുത്തുന്നത്. ജമ്മുകശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് പ്രതിപക്ഷപ്പാര്‍ട്ടികളുടെ ആവശ്യം. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുന്നതിന്റെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജമ്മുകശ്മീരിലെത്തി. പി ഡി പി - ബി ജെ പി ബന്ധം തുടരുന്ന കാര്യത്തല്‍ ആലോചനയുണ്ടാകും. മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ അഭിപ്രായത്തിന് വിരുദ്ധമായി വിഘടനവാദികളുമായി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയില്‍ സ്വീകരിച്ചത്.