ദില്ലി: കശ്മീര്‍ പ്രശ്നപരിഹാരത്തിന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മധ്യസ്ഥനോട് സഹകരിക്കില്ലെന്ന് വിഘടനവാദികളുടെ സംഘടനയായ ഹുറിയത്ത് വ്യക്തമാക്കി. സര്‍ക്കാര്‍ നീക്കം തള്ളിയ ഹുറിയത്ത് വെള്ളിയാഴ്ച കാശ്മീരില്‍ ബന്ദ് പ്രഖ്യാപിച്ചു. ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയാദ് സലാഹുദ്ദീന്‍റെ മകൻ സയീദ് യൂസഫിനെ സൈന്യം ഇന്ന് അറസ്റ്റ് ചെയ്തതോടെയാണ് കടുത്ത നീക്കവുമായി ഹുറിയത്ത് രംഗത്തെത്തിയത്.

സൈനിക നടപടി കൊണ്ടുമാത്രം കശ്മീരിലെ പ്രശ്നങ്ങൾ പരിഹരിക്കാനാകില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് മധ്യസ്ഥചര്‍ച്ചകളിലൂടെ പ്രശ്നം തീര്‍ക്കാൻ രഹസ്യന്വേഷണ വിഭാഗം മുൻ മേധാവി ദിനേശ്വര്‍ ശര്‍മ്മയെ ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ മധ്യസ്ഥനായി നിയോഗിച്ചത്. എന്നാൽ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുകമറ സൃഷ്ടിക്കൽ മാത്രമാണെന്നും, ഇപ്പോൾ നിയോഗിച്ച ഉദ്യോഗസ്ഥനുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നും ഹുറിയത്ത് നേതാക്കൾ വ്യക്തമാക്കി. 

കശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയുള്ള യാതൊരു തീരുമാനവും അംഗീകരിക്കില്ലെന്നും വിഘടന വാദി നേതാക്കൾ അറിയിച്ചു. മധ്യസ്ഥ ചര്‍ച്ചയല്ല രാഷ്ട്രീയ ഇടപെടലാണ് കശ്മീരിലെ പ്രശ്നപരിഹാരത്തിന് വേണ്ടതെന്നാണ് പ്രതിപക്ഷ പാര്‍ടികൾ ആവശ്യപ്പെട്ടത്. പ്രശ്നപരിഹാരത്തിനായി മധ്യസ്ഥനെ നിയോഗച്ചതിന് തൊട്ടുപിന്നാലെ ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയ്യീദ് സലാഹൂദിന്‍റെ മകൻ സയീദ് യൂസഫിനെ ഇന്ന് എൻ.ഐ.എ അറസ്റ്റ് ചെയ്തു. 

തീവ്രവാദ പ്രവര്‍ത്തിന് പണം എത്തിക്കാൻ സയീദ് യൂസഫ് ശ്രമിച്ചതിന്‍റെ തെളിവ് കിട്ടിയ സാഹചര്യത്തിലായിരുന്നു അറസ്റ്റ്. പ്രശ്നപരിഹാരത്തിന്‍റെ പേരിൽ സൈന്യം നിരപരാധികളെ പീഡിപ്പിക്കുകയാണെന്ന് വിഘടനവാദി നേതാക്കൾ ആരോപിച്ചു. സര്‍ക്കാര്‍ നീക്കത്തിൽ പ്രതിഷേധിച്ച് വരുന്ന വെള്ളിയാഴ്ച താഴ്വരയിൽ ബന്ദിന് നടകത്താനും ഹുറിയത്ത് ആഹ്വാനം ചെയ്തു. ഇതോടെ കശ്മീരിലെ സ്ഥിതി വീണ്ടും വഷളാവുകയാണ്.