ശ്രീനഗര്‍: ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് അമേരിക്ക വിസ നിഷേധിച്ചു. കശ്മീരില്‍ നിന്നുള്ള സ്‌നോഷൂ താരങ്ങളായ ആബിദ് ഖാന്‍, തന്‍വീര്‍ ഹുസൈന്‍ എന്നിവര്‍ക്കാണ് വിസ നിഷേധിച്ചത്. യു.എസ് പ്രസിഡന്‍റെ ഡൊണള്‍ഡ് ട്രംപിന്റെ പുതിയ നയത്തിന്റെ ഭാഗമായാണ് വിസ നിഷേധിച്ചതെന്നാണ് വിശദീകരണം. 

ന്യൂയോര്‍ക്കില്‍ ഫെബ്രുവരി 24-25 തീയതികളില്‍ നടക്കുന്ന സ്‌നോഷൂ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് താരങ്ങള്‍ വിസയ്ക്ക് അപേക്ഷിച്ചത്. എന്നാല്‍ വിസ നിരസിക്കുകയായിരുന്നു. എല്ലാ രേഖകളും കൃത്യമായിരുന്നു. എന്നിട്ടും വിസ നല്‍കാന്‍ തയ്യാറായില്ലെന്ന് താരങ്ങള്‍ ആരോപിച്ചു. 

ദില്ലിയിലെ യു.എസ് എംബസിയിലെ ഉദ്യോഗസ്ഥ രേഖകള്‍ എല്ലാം പരിശോധിച്ചതാണ്. തുടര്‍ന്ന് അകത്തേക്ക് പോയി തിരിച്ചുവന്ന ഉദ്യോഗസ്ഥ വിസ നിരസിച്ചതായി അറിയിക്കുകയായിരുന്നെന്ന് താരങ്ങള്‍ പറഞ്ഞു. ട്രംപിന്‍റെ പുതിയ നയമാണ് വിസ നിരസിക്കാന്‍ കാരണമെന്നും അവര്‍ പറഞ്ഞു.