ദില്ലി: കാശ്മീരില്‍ ബുഡ്ഗാമില്‍ യുവാവിനെ മനുഷ്യകവചമായി ഉപയോഗിച്ച സംഭവത്തില്‍ 10ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കാന്‍ സംസ്ഥാന മനുഷ്യാവകാശകമ്മീഷന്‍ ഉത്തരവിട്ടു. കഴിഞ്ഞ ഏപ്രില്‍ 9നാണ് ബീര്‍വാ ജില്ലക്കാരനായ ഫറൂഖ് അഹമ്മദ് ദര്‍ എന്ന യുവാവിനെയാണ് സൈന്യം ജീപ്പില്‍കെട്ടി പരേഡ് നടത്തിയത്. സംഭവത്തില്‍ സൈന്യം 26കാരനായ യുവാവിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും തെറ്റായ തടങ്കല്‍ രീതിയാണിതെന്നും മനുഷ്യാവകാശകമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ബിലാല്‍ നസ്കി 5 പേജുള്ള ഉത്തരവില്‍ നിരീക്ഷിച്ചു. 

നിരപരാധിയായ ഫറൂഖ് അഹമ്മദ് ദര്‍ സൈന്യത്തിനെതിരെ കല്ലെറിഞ്ഞിട്ടില്ലെന്നും ഉത്തരവ് ആറ് ആഴ്ചയ്ക്കുള്ളില്‍ നടപ്പാക്കണമെന്നും മനുഷ്യാവകാശകമ്മീഷന്‍ പറഞ്ഞു. സൈനികനടപടിയിലുള്ള മാനസിക സമ്മര്‍ദം ജീവിതാന്ത്യംവരെ ഇരയെ പിന്തുടരുമെന്ന് പറഞ്ഞ കമ്മീഷന്‍  സൈന്യത്തിനെതിരായി ക്രിമിനല്‍ കുറ്റത്തിന് നടപടിയെടുക്കുന്നതില്‍ നിന്ന് താല്കാലികമായ് വിട്ടുനില്ക്കും.

ജമ്മു-കാശ്മീരില്‍ സൈന്യത്തിനെതിരായ് നടക്കുന്നത് വ്യത്തികെട്ട യുദ്ധമാണെന്നും ക്രിയാത്മകമായി ഞങ്ങളതിനെ തടയുകയാണെന്നുണ് ആര്‍മി ചീഫായ ബിപീന്‍ റാവത്ത് മെയ് 29ന് പ്രതികരിച്ചിരുന്നു. എന്നാല്‍  കുറ്റക്കാരനായാലും ഒരാളെ വിലങ്ങണിയിക്കാനോ കെട്ടിയിടാനോ സൈന്യത്തിന് അധികാരമില്ലെന്നാണ് മനുഷ്യാവകാശകമ്മീഷന്‍ ഇതിനോട് പ്രതികരിച്ചത്. താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നു പറഞ്ഞ ദര്‍ കമ്മീഷന്‍ ഉത്തരവില്‍ സന്തോഷം പ്രകടിപ്പിച്ചു.

മനുഷ്യാവകാശ പ്രവര്‍ത്തകനായ മുഹമ്മദ് അഹ്സാന്‍ നല്കിയ പരാതിയിലാണ് സംസ്ഥാനമനുഷ്യാവകാശ കമ്മീഷന്‍റെ നടപടി. കമ്മീഷന്‍റെ നിര്‍ദേശപ്രകാരം കേസന്വേഷിച്ച പോലീസ് ഏഴ് സാക്ഷികളെ ഉള്‍പ്പെടുത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ യുവാവിനെ മനുഷ്യകവചമായി ഉപയോഗിച്ചതായ് തെളിയിച്ചിരുന്നു.  വ്യക്തികളുടെ സ്വാതന്ത്ര്യവും ജീവനും സംരക്ഷിക്കുക എന്നതാണ് സൈന്യത്തിന്‍റെ പ്രാഥമിക കടമയെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. 

ശ്രീനഗര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ദിനത്തിലെ സൈന്യത്തിന്‍റെ നടപടി വ്യാപകമായ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. പ്രതിഷേധക്കാര്‍ പോളിംഗ് സ്റ്റേഷനുകള്‍ ആക്രമിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് സൈന്യം നടത്തിയ വെടിവയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഗംപോറയിലെ ബന്ധുവീട്ടിലേക്ക് അനുശോചനമീറ്റിംഗില്‍ പങ്കെടുക്കാന്‍ പോകുംവഴി സൈന്യം കസ്റ്റഡിയിലെടുത്തെന്നാണ് ഫറൂഖ് അഹമ്മദ് ദറിന്‍റെ വാദം. ഫറൂഖ് അഹമ്മദ് ദര്‍ അടക്കം ചുരുക്കം ഗ്രാമീണര്‍ മാത്രമാണ് അന്ന് വോട്ട് രേഖപ്പെടുത്തിയത്. ശ്രീനഗറിലെ മാനസികാരോഗ്യകേന്ദ്രത്തിലെ പരിശോധനയില്‍ ഫറൂഖ് അഹമ്മദ് ദറിന്‍റെ മാനസികനില മെച്ചപ്പെടുന്നതായ് കണ്ടെത്തിയിട്ടുണ്ട്.

ആരോപണവിധേയനായ മേജര്‍ ഗൊഗയ്ക്ക് പ്രത്യേക അവാര്‍ഡ് നല്കിയ നടപടി കാശ്മീരിലെ മനുഷ്യാവകാശസംഘടകളുടെയും സമൂഹത്തിന്‍റെയും വലിയ പ്രതിഷേധത്തിന് വഴിതുറന്നിരുന്നു.