തങ്ങള്‍ തികഞ്ഞ സന്തോഷത്തോടെയാണ് ഗ്രാമത്തില്‍ കഴിയുന്നതെന്നും ഒരിക്കലും ഗ്രാമത്തിലെ ഏക മുസ്ലീം ആണെന്ന പേരില്‍ തന്നെയാരും മാറ്റിനിര്‍ത്തിയിട്ടില്ലെന്നും ഹുസൈന്‍ പറയുന്നു. സംഭവം വാര്‍ത്തയായതോടെ അഭിനന്ദനപ്രവാഹമാണ് ഗ്രാമത്തിലേക്കൊഴുകിയെത്തുന്നത്
ബദര്‍വാ: കശ്മീരിനെ ചൊല്ലി ഇന്ത്യയൊട്ടാകെ ചര്‍ച്ചകളും തര്‍ക്കങ്ങളും തുടരുമ്പോഴും ഇതിലൊന്നും പങ്കുപറ്റാതെ ജീവിച്ചുകാണിക്കുകയാണ് കശ്മീരിലെ ഒരു ഗ്രാമം. മതങ്ങള്‍ക്കപ്പുറം തങ്ങള്‍ കാത്തുപോരുന്ന സാഹോദര്യവും, അന്യോന്യമുള്ള കരുതലുമാണ് ബദര്‍വയിലെ ഭേലാന്‍-ഖരോത്തി എന്ന ഗ്രാമം കാട്ടിത്തരുന്നത്.
450 കുടുംബങ്ങള്‍ താമസിക്കുന്ന ഗ്രാമത്തിലെ ഏക മുസ്ലീം കുടുംബമാണ് ചൗധരി മുഹമ്മദ് ഹുസൈന്റേത്. ബാക്കിയെല്ലാ കുടുംബങ്ങളും ഹിന്ദുമത വിശ്വാസികളാണ്. കന്നുകാലി കച്ചവടമാണ് ഹുസൈന്റെ കുടുംബത്തിന്. ഭാര്യയും അഞ്ച് ആണ്‍മക്കളും നാല് പെണ്‍മക്കളും മരുമകളുമടങ്ങിയ വലിയ കുടുംബത്തിന്റെ നാഥനാണ് അന്‍പത്തിനാലുകാരനായ ഹുസൈന്‍.
ഇപ്പോള്‍ ഗ്രാമത്തിന്റെയും നാഥനായി ഹുസൈനെ തെരഞ്ഞെടുത്തിരിക്കുകയാണ് ഇവിടെയുള്ളവര്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തങ്ങളുടെ വാര്‍ഡിന്റെ അധികാരിയായി എതിരാളി പോലുമില്ലാതെയാണ് ഹുസൈനെ ഇവര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.
'ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ നിങ്ങള്‍ക്കിത് വിചിത്രമായി തോന്നിയേക്കാം. എന്നാല്‍ ഞങ്ങള്‍ക്കിത് ഞങ്ങളുടെ സാഹോദര്യത്തിന്റെ തെളിവാണ്. ഹുസൈന് കാര്യങ്ങള്‍ നോക്കാനുള്ള കഴിവ് വേണ്ടുവോളമുണ്ട് എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയമില്ല. പക്ഷേ അത് മാത്രമല്ല ഹുസൈനെ തെരഞ്ഞെടുക്കാനുള്ള കാരണം, രാജ്യത്തിന് മുഴുവന്‍ മാതൃകയാകണം ഇത്. ഹുസൈനും ഇവിടെ ഒരു തരത്തിലുള്ള അരക്ഷിതാവസ്ഥയും തോന്നരുത്'- ഗ്രാമവാസിയായ ദുനി ചന്ദ് പറഞ്ഞു.
തങ്ങള്‍ തികഞ്ഞ സന്തോഷത്തോടെയാണ് ഗ്രാമത്തില്‍ കഴിയുന്നതെന്നും ഒരിക്കലും ഗ്രാമത്തിലെ ഏക മുസ്ലീം ആണെന്ന പേരില്‍ തന്നെയാരും മാറ്റിനിര്‍ത്തിയിട്ടില്ലെന്നും ഹുസൈന്‍ പ്രതികരിച്ചു.
'ഒരു എതിരാളി പോലുമില്ലാതെയാണ് എന്നെ ഇവര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. അത് ഇവരുടെ സ്‌നേഹവും വിശ്വാസവുമാണ് കാണിക്കുന്നത്. എന്നും ഞാനവരോട് കടപ്പെട്ടിരിക്കും'- ഹുസൈന്‍ പറഞ്ഞു.
സംഭവം വാര്‍ത്തയായതോടെ അഭിനന്ദനപ്രവാഹമാണ് ഗ്രാമത്തിലേക്കൊഴുകിയെത്തുന്നത്. റോഡ് ഗതാഗതം ഒരുക്കുന്നതുള്‍പ്പെടെ വിവിധ വികസന പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനാണ് ഹുസൈന്‍ ഇവിടെ പദ്ധതിയിടുന്നത്.
