കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജനെ പ്രതിയാക്കി സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം പരിശോധിച്ച് കഴിഞ്ഞിട്ടില്ലെന്ന് എറണാകുളം സിബിഐ കോടതി. കുറ്റപത്രം പരിശോധിച്ച ശേഷം വാദം കേള്‍ക്കാമെന്നും കേസ് പരിഗണിക്കുന്ന തീയതി അറിയിക്കാമെന്നും കോടതി വ്യക്തമാക്കി. 

കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം സ്വീകരിക്കുന്ന കാര്യത്തില്‍ എറണാകുളം സിബിഐ കോടതി ഇന്ന് പരിഗണനയ്‌ക്കെടുത്തിരുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനടക്കം 25 പ്രതികളെ ഉള്‍പ്പെടുത്തി കഴിഞ്ഞ ആഴ്ചയായിരുന്നു അന്വേഷണ സംഘം രണ്ടാംഘട്ട കുറ്റപത്രം കൊച്ചി സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ കുറ്റപത്രത്തില്‍ ചില സാങ്കേതിക പിഴവുകള്‍ കോടതി ചൂണ്ടികാട്ടിയിരുന്നു.

ഇക്കാര്യത്തില്‍ വിശദമായ വാദം കേട്ട ശേഷം തീരുമാനമെടുക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി ഇന്ന് വാദം കേള്‍ക്കാനായി പരിഗണനിച്ചത്. എന്നാല്‍ കുറ്റപത്രം പരിശോധിച്ച് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.