അര്‍ദ്ധരാത്രി വീടിന് നേരെ കല്ലേറ് ജീപ്പിന്‍റെ ചില്ലുകള്‍ തകര്‍ന്നു

പാലക്കാട്: കത്വ പീഡനത്തിനെതിരെ ചിത്രം വരച്ച് പ്രതിഷേധിച്ച ചിത്രകാരി ദുര്‍ഗ മാലതിയുടെ വീടിന് നേരെ ആക്രമണം. ദുർഗമാലതിയുടെ വീടിനു നേരെ ഒരു സംഘം കല്ലെറിഞ്ഞു. കല്ലേറില്‍ മുറ്റത്ത് നിർത്തിയിട്ട ജീപ്പിന്‍റെ ചില്ലുകൾ തകർന്നു. വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.

വീട് ആക്രമിക്കപ്പെട്ടതിന്‍റെ ദൃശ്യങ്ങള്‍ ദുര്‍ഗ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹൈന്ദവ ബിംബങ്ങളെ അപമാനിച്ചെന്നാരോപിച്ച് ഒരു വിഭാഗം ദുർഗയെ ഭീഷണിപ്പെടുത്തിയിരുന്നു. തൃത്താല പറക്കുളത്താണ് ദുര്‍ഗയുടെ വീട്.

ദുര്‍ഗ മാലതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നലെ രാത്രി അവർ വീടിനുനേരെ കല്ലെറിഞ്ഞു. വീട്ടിലെ വാഹനത്തിന്റെ ചില്ല് എറിഞ്ഞു ഉടച്ചു... കേട്ടാലറക്കുന്ന തെറികളും വധ പീഡന ഭീഷണികൾ എന്റെ പ്രൊഫെയിലിൽ വന്നു കൂട്ടം കൂട്ടമായി വിളമ്പിക്കൊണ്ടേയിരിക്കുന്നു.. ആരെയും എന്തും പറയാം... മതമെന്ന അവരുടെ വികാരത്തെ എളക്കിവിട്ടാൽ മത്‌ മതേതര പുരോഗമന കേരളത്തിൽ... അത്‌ ഞാൻ അർഹിക്കുന്നു എന്ന നിലപാടാണു പലയിടത്തുനിന്നുമുള്ള നിശബ്ദതയിൽ എനിക്കു കാണാൻ കഴിയുന്നത്‌... 

എന്താണു ഞാൻ ചെയ്ത തെറ്റ്‌ ?? പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചവർക്കെതിരെ ചിത്രങ്ങൾ വരച്ചു.... അത്‌ ഒരു മതത്തിനുമെതിരല്ല എന്നു പലതവണ പോസ്റ്റിലൂടെയും ലൈവിലൂടെയും പറയേണ്ട ഗതികേടു വരെ ഉണ്ടായി...ഒരു ജനാധിപത്യരാജ്യത്താണു ഞാൻ ജീവിക്കുന്നതെന്നു പലപ്പോഴും ഞാൻ എന്നെ തന്നെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുകയാണു... എനിക്ക്‌ നീതികിട്ടിയില്ലെങ്കിൽ ജനാധിപത്യം ഒരു വലിയകളവാണെന്നു വിശ്വസിക്കേണ്ടിവരും.