കത്വ സംഭവത്തിൽ വിവാദ പ്രസ്താവനയുമായി പുതുതായി ചുമതലയേറ്റ ജമ്മുകാശ്മീര്‍ ഉപമുഖ്യമന്ത്രി എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് ചെറിയ കേസാണെന്ന് കവിന്ദർ ഗുപ്ത
ശ്രീനഗര്: കത്വ സംഭവത്തിൽ വിവാദ പ്രസ്താവനയുമായി പുതുതായി ചുമതലയേറ്റ ജമ്മുകാശ്മീര് ഉപമുഖ്യമന്ത്രി കവിന്ദർ ഗുപ്ത. എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് ചെറിയ കേസാണെന്ന് ഉപമുഖ്യമന്ത്രി കവിന്ദർ ഗുപ്ത പറഞ്ഞു.
കത്വ സംഭവത്തിന് അത്ര വലിയ പ്രാധാന്യം കൊടുക്കേണ്ടതില്ലെന്ന വ്യക്തമാക്കിയ ഉപമുഖ്യമന്ത്രിയുടെ വിവാദ പരാമർശം കോൺഗ്രസ് നേതാവ് സൽമാൻ നിസാമിയാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. എന്നാൽ കേസിൽ സുപ്രീംകോടതി വിധി വരാനുണ്ടെന്നും ഇപ്പോൾ അത് ചർച്ച ചെയ്യേണ്ടതില്ലെന്നും മാത്രമാണ് ഉദ്ദേശിച്ചതെന്നുമാണ് കവിന്ദർ ഗുപ്തയുടെ വിശദീകരണം. കവീന്ദർ ഗുപ്ത ഉൾപ്പെടെ അഞ്ച് ബിജെപി മന്ത്രിമാരും രണ്ട് പിഡിപി മന്ത്രിമാരുമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.
കത്വ കേസിലെ പ്രതികളെ ന്യായീകരിച്ച് പ്രതിരോധത്തിലായതിനെ തുടർന്നാണ് ഉപമുഖ്യമന്ത്രി നിർമ്മൽ സിംഗ് ഉൾപ്പെടെയുള്ള ബിജെപി മന്ത്രിമാർ രാജിവച്ചത് . പ്രതികള്ക്ക് അനുകൂലമായ നിലപാട് എടുത്തതിന് പിന്നാലെ ജമ്മുകാശ്മീർ മന്ത്രിസഭയിൽ തർക്കങ്ങൾ ഉടലെടുക്കുകയായിരുന്നു. മാർച്ചിൽ പങ്കെടുത്ത രണ്ട് ജമ്മു-കശ്മീര് വനം വകുപ്പ് മന്ത്രി ലാല് സിങ്, വാണിജ്യകാര്യമന്ത്രി ചന്ദര് പ്രകാശ് ഗംഗ എന്നിവരാണ് ആദ്യം രാജിവച്ചത്. പിന്നാലെ മന്ത്രിസഭയിലെ ഒമ്പത് അംഗങ്ങളോടും രാജിവയ്ക്കാൻ ബിജെപി ആവശ്യപ്പെട്ടിരുന്നു.
