തിരുവനന്തപുരം: കേരളത്തെയും മലയാളികളെയും വീണ്ടും പുകഴ്ത്തി മുന്‍ സുപ്രീംകോടതി ജസ്റ്റിസും പ്രസ് കൗണ്‍സില്‍ മുന്‍ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്‍ജു. മുമ്പ് പറഞ്ഞപോലെ വൈവിധ്യങ്ങള്‍ കൊണ്ട് മലയാളികളാണ് യഥാര്‍ത്ഥ ഇന്ത്യാക്കാരെ പ്രതിനിധീകരിക്കുന്നതെന്നും രാജ്യം മുഴുവന്‍ നിങ്ങളെ കണ്ടു പഠിക്കണമെന്നും ഫേസ് ബുക്ക് പോസ്റ്റില്‍ കട്‍ജു പറഞ്ഞു. മലയാളികള്‍ക്ക് ഓണം ആശംസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് കട്ജുവിന്റെ പരാമര്‍ശം.

മലയാളികളാണ് യഥാര്‍ത്ഥ ഇന്ത്യക്കാരെന്ന് കഴിഞ്ഞമാസം കട്ജു അഭിപ്രായപ്പെട്ടിരുന്നു. എല്ലാത്തിനെയും ഇരുകൈയ്യുമ നീട്ടി സ്വീകരിക്കാന്‍ കഴിയുന്നു എന്നതാണ് മലയാളികളുടെ പ്രത്യേകത. യഥാര്‍ത്ഥ ഇന്ത്യക്കാരുടെ എല്ലാ ഗുണങ്ങളും ഉള്‍ക്കൊണ്ടിട്ടുള്ളത് മലയാളികള്‍ക്കാണ്. യഥാര്‍ത്ഥ ഇന്ത്യക്കാരെ പ്രതിനിധികരിക്കുന്നത് മലയാളികള്‍ മാത്രമാണെന്നും അന്നു കട്ജു അഭിപ്രായപ്പെട്ടിരുന്നു.

ദ്രാവിഡരോ ആര്യന്‍മാരോ റോമന്‍സോ അറബികളോ ബ്രിട്ടീഷുകാരോ ഹിന്ദുക്കളോ മുസ്‌ലിങ്ങളോ ക്രൈസ്തവരോ മാര്‍ക്‌സിസ്റ്റുകരോ ആരെയും അവര്‍ സ്വീകരിക്കും. എന്തും സ്വീകരിക്കാനുള്ള മനസ്സാണ് മലയാളികളുടെ പ്രത്യേകതയെന്നും ഇത്തരത്തില്‍ ഒരു ഇന്ത്യക്കാരന് വേണ്ട എല്ലാ ഗുണങ്ങളുമുള്ളത് മലയാളികള്‍ക്കു മാത്രമാണെന്നും കട്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.