അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് കേരളപ്പിറവി ദിനത്തില്‍ കൊല്ലം അഷ്‌ടമുടി കായലില്‍ നടന്ന പ്രസിഡന്റ്‌സ് ട്രോഫി കിരീടം മഹാദേവിക്കാട് കാട്ടില്‍തെക്കതില്‍ ചുണ്ടന്‍ സ്വന്തമാക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഫൈനലില്‍ കരുവാറ്റ ശ്രീവിനായകന്‍, സെന്റ് പയസ്, പായിപ്പാടന്‍ എന്നീ വള്ളങ്ങളെ പിന്നിലാക്കിയാണ് കാട്ടില്‍തെക്കതില്‍ ചൂണ്ടന്‍ ഇതാദ്യമായി പ്രസിഡന്റ്‌സ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്. ന്യൂ ആലപ്പി ബോട്ട് ക്ലബാണ്, കാട്ടില്‍തെക്കതില്‍ ചുണ്ടന്‍ തുഴഞ്ഞത്.

വെപ്പ് വിഭാഗത്തില്‍ മണലിയും ഇരുട്ട്കുത്തിയില്‍ എബ്രഹാം മൂന്ന്‌തൈക്കനും ജേതാക്കളായി..വനിതകളില്‍ ദേവസ് ആണ് വിജയികള്‍..ടൂറിസം മന്ത്രി എസി മൊയ്തീന്‍ സമ്മാനദാനം നടത്തി

രണ്ടാം സ്ഥാനം ആര്‍ക്കാണെന്ന് നിശ്ചയിച്ചിട്ടില്ല. തര്‍ക്കം കാരണം ഫലം പ്രഖ്യാപനം മാറ്റിവെച്ചു. കരുവാറ്റ ശ്രീവിനായകന്‍, സെന്റ് പയസ് ചുണ്ടനുകള്‍ ഒപ്പത്തിനൊപ്പമായാണ് രണ്ടാമത് ഫിനിഷ് ചെയ്‌തത്. രണ്ടാം സ്ഥാനത്തിനായി ഇരു ടീമുകളും അവകാശവാദം ഉന്നയിച്ചതോടെ ക്യാപ്റ്റന്‍മാരുടെ സാന്നിദ്ധ്യത്തില്‍ വീഡിയോ പരിശോധിച്ചശേഷമാകും ഫലപ്രഖ്യാപനം. കരുവാറ്റ കുറ്റിത്തറ ബോട്ട് ക്ലബാണ് ശ്രീവിനായകന്‍ ചുണ്ടന്‍ തുഴഞ്ഞത്. കരുനാഗപ്പള്ളി എയ്ഞ്ചല്‍ ബോട്ട് ക്ലബാണ് സെന്‍റ് പയസ് ചുണ്ടന്‍ തുഴഞ്ഞത്.

കേരളത്തില്‍ നെഹ്‌റു ട്രോഫി കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട ജലമേളയായി കൊല്ലം പ്രസിഡന്‍റ്സ് ട്രോഫി ജലോല്‍സവം മാറിക്കഴിഞ്ഞു. നെഹ്‌റുട്രോഫി കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള ജലോല്‍സവവും പ്രസിഡന്റ്‌സ് ട്രോഫിയാണ്.

ചിത്രത്തിന് കടപ്പാട്- എന്‍ ടി ബി ആര്‍ ഫേസ്ബുക്ക് ഗ്രൂപ്പ്