ഉരുൾപൊട്ടലിന്റെ ഉത്ഭവ സ്ഥലത്തിന് തൊട്ടുതാഴെ ഉണ്ടായിരുന്ന കൂറ്റൻ പാറ താഴേക്ക് പതിച്ചത് ദുരന്തത്തിന്റെ ആക്കം കൂട്ടിയെന്ന് സംഘം പറയുന്നു.
കോഴിക്കോട്: 14 പേരുടെ മരണത്തിന് ഇടയാക്കിയ കട്ടിപ്പാറ ഉരുൾപൊട്ടലിനെ കുറിച്ച് പഠിക്കുന്ന വിദഗ്ദ്ധ സംഘ കരിഞ്ചോലമലയുടെ മുകളിലെത്തി പരിശോധന നടത്തി. ഉരുൾപൊട്ടലിന്റെ ഉത്ഭസ്ഥാനം സംഘം കണ്ടെത്തി. മലമുകളിൽ നിർമ്മിച്ച ജലസംഭരണി, ഉരുൾപൊട്ടലിന്റെ ആഘാതം വർദ്ധിക്കാൻ കാരണമായി എന്നാണ് സ്ഥലം സന്ദർശിച്ച സംഘത്തിന്റെ വിലയിരുത്തൽ.
ഉരുൾപൊട്ടലിന്റെ ഉത്ഭവ സ്ഥലത്തിന് തൊട്ടുതാഴെ ഉണ്ടായിരുന്ന കൂറ്റൻ പാറ താഴേക്ക് പതിച്ചത് ദുരന്തത്തിന്റെ ആക്കം കൂട്ടിയെന്ന് സംഘം പറയുന്നു. പാറകൾക്ക് മുകളിൽ മേൽമണ്ണ് കുറവായിരുന്നു. പാളികൾക്കിടയിൽ രൂപപ്പെട്ട ലാറ്ററേറ്റ് മണ്ണ് പാറകൾ തെന്നി മാറാൻ ഇടയാക്കി. മലക്ക് മുകളിൽ നടന്ന നിർമ്മാണ പ്രവർത്തികൾ മൂലം പാറകൾക്ക് ഇളക്കം സംഭവിച്ചിട്ടുണ്ട്. മലക്ക് മുകളിൽ വലിയ ജലസംഭരണി ഉണ്ടായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. ജലസംഭരണിക്ക് പുറമെ റോഡ് നിർമാണവും ദുരന്തത്തിന് ആക്കം കൂട്ടിയെന്നാണ് പ്രാഥമിക നിഗമനം.
കൂടുതൽ പരിശോധനകൾക്കായി സാറ്റലൈറ്റ് ചിത്രങ്ങൾ പരിശോധിക്കും. കഴിഞ്ഞ ആറ് മാസത്തിനിടെ പ്രദേശത്തെ ഭൂപ്രകൃതിയിൽ ഉണ്ടായ മാറ്റങ്ങൾ പഠിക്കാനാണിത്. മലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച മണ്ണിന്റെയും പറകളുടെയും സാമ്പിളുകൾ ശാസ്ത്രീയ പരിശോധനക്കയക്കും. സിഡബ്ല്യൂആര്‍ഡിഎമ്മിലെ ശാസ്ത്രജ്ഞർക്കൊപ്പം ജിയോളജി, റവന്യൂ, ജലസേചന വകുപ്പുകളിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.
അതിനിടെ അനധികൃത ജലസംഭരണിയുടെ ഉടമയോട് ഇന്ന് വിദഗ്ദ്ധ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ബീരാൻ ഹാജിക്ക് പകരം ബന്ധുക്കളാണ് എത്തിയത്.വ ലിയ ജലസംഭരണി ഉണ്ടാക്കിയിട്ടില്ലെന്നും ചെറിയ മഴകുഴിയുടെ നിർമ്മാണം മാത്രമേ നടത്തിയിട്ടുള്ളൂവെന്നും ബന്ധുക്കൾ വിദഗ്ദ സംഘത്തോട് പറഞ്ഞു. വിവിധ പഠനങ്ങൾ ഏകോപിപ്പിച്ചുകൊണ്ടുള്ള റിപ്പോർട്ട് സംഘം അടുത്ത ആഴ്ച സർക്കാരിന് കൈമാറും.
