പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധന ഫലവും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് പ്രതികള്‍

ശ്രീനഗര്‍: കത്വയില്‍ എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർ ജമ്മു കശ്മീർ ഹൈക്കോടതിയിൽ ഹർജി നൽകി. എട്ടു വയസ്സുകാരിയെ കൂട്ടബലാത്സഗം ചെയ്ത് കൊന്ന കേസിലെ തെളിവുകൾ നശിപ്പിച്ചതിന് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത സബ് ഇൻസ്പെക്ടർ ആനന്ദ് ദുട്ടയും സ്പെഷ്യൽ പോലീസ് ഓഫീസർ ദീപക് ഖജുരിയുമാണ് ഹർജി നൽകിയത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധന ഫലവും തമ്മിൽ വലിയ പൊരുത്തക്കേടുണ്ട്, മുൻപ് ബലാത്സംഗ കൊലപാതക കേസിൽ പ്രതിയായിരുന്ന ഉദ്യോഗസ്ഥൻ അന്വേഷണ സംഘത്തിലുണ്ട്, ക്രൈബ്രാഞ്ച് അന്വേഷണം ശരിയായ രീതിയിലല്ല തുടങ്ങിയ വാദങ്ങളാണ് പ്രതികൾ ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത്.