തിരുവനന്തപുരം: പ്രതിരോധ കുത്തിവയ്പ് ഊര്‍ജിതമാക്കാന്‍ തലസ്ഥാനത്ത് കവചം പദ്ധതി തുടങ്ങി. ഡോക്ടര്‍മാരുടെ സഹകരണത്തോടെയാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതി നടപ്പാക്കുന്നത്.

തുടച്ചുനീക്കിയ ഡിഫ്തീരിയ അടക്കമുള്ള രോഗങ്ങള്‍ തിരിച്ചുവരുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നത്. പ്രതിരോധ കുത്തിവയ്പുകളോട് ഒരു വിഭാഗം വിമുഖത കാട്ടുന്നതാണ് ബോധവത്കരണമടക്കമുള്ള പരിപാടികളുമായി മുന്നോട്ടുപോകാന്‍ പ്രേരകം. തലസ്ഥാനത്ത്, സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എയുടെ നേതൃത്വത്തിലാണ് കവചം പദ്ധതിക്ക് തുടക്കമായത്. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍, ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. തലസ്ഥാനത്ത് പ്രതിരോധ കുത്തിവയ്പ് 100 ശതമാനത്തിലെത്തിക്കാന്‍ ഉന്നമിട്ടാണ് പദ്ധതി. നിലവില്‍ 94 ശതമാനമാണ് ഇത്. കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ് നൂറ് ശതമാനവും ഉറപ്പാക്കിയില്ലെങ്കില്‍, മാരക രോഗങ്ങള്‍ തിരിച്ചുവരികയാകും ഫലം. പ്രതിരോധ കുത്തിവയ്പ് ക്യാമ്പിനൊപ്പം, ബോധവത്കരണ പരിപാടികളും കവചം പദ്ധതിയുടെ ഭാഗമായി നടക്കും.