ആലപ്പുഴ: കാവാലം നാരായണ പണിക്കര്‍ക്ക് അന്ത്യാഞ്ജലി. പമ്പയാറ്റിനു തീരത്തെ, നാരായണപ്പണിക്കരുടെ വീടായ ശ്രീഹരിയിലാണു സര്‍ക്കാര്‍ ബഹുമതികളോടെയുള്ള സംസ്‌കാര ചടങ്ങുകള്‍ നടന്നത്. കാവാലത്തിന്റെ മകന്റെ മൃതദേഹം അടക്കം ചെയ്തതിന്റെ തൊട്ടടുത്താണു കാവാലം നാരായണപ്പണിക്കരും അന്ത്യവിശ്രമം കൊള്ളുന്നത്. തറവാടായ കാവാലത്തെ ചാലയില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്.

ഇന്നു പുലര്‍ച്ചെ തിരുവനന്തപുരത്തുനിന്നു കാവാലം നാരായണപ്പണിക്കരുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വാഹനം രാവിലെ ഏഴയരയ്ക്കു സ്വദേശമായ കാവാലത്ത് എത്തി. മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളും ശിഷ്യന്‍മാരും നാട്ടുകാരുമടക്കം വലിയൊരു ജനക്കൂട്ടമുണ്ടായിരുന്നു. തുടര്‍ന്ന് കാവാലം ജനിച്ചുവളര്‍ന്ന ചാലയില്‍ തറവാട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. സമൂഹത്തിന്റെ നാനാതുറകളില്‍ പെട്ട നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിച്ചു.

തങ്ങളുടെ പ്രിയപ്പെട്ട കാവാലത്തെ കാണാന്‍ രാവിലെ മുതല്‍ കുട്ടികളുടെ നീണ്ട നിര കാണാമായിരുന്നു. ഇവിടുത്തെ കുട്ടികള്‍ക്കുള്ള നാടക പരിശീലന കളരിയായ കുരുന്നുകൂട്ടത്തിലെ കുട്ടികള്‍ കാവാലം പഠിപ്പിച്ച് കൊടുത്ത വരികള്‍കൊണ്ട് അന്ത്യാഞ്ജലിയര്‍പ്പിച്ചു.

നാലു മണിയോടെ മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി കാവാലത്തിന്റെ സ്വന്തം വീടായ ശ്രീഹരിയിലെത്തിക്കുകയായിരുന്നു.