ആലപ്പുഴ: കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാവുകളുള്ള ജില്ലയായ ആലപ്പുഴയില്‍ ഉടമസ്ഥ തര്‍ക്കത്തെ തുടര്‍ന്ന് കാവുകള്‍ നാശത്തിലേക്ക്. വനമില്ലാത്ത ഏക ജില്ലയായ ആലപ്പുഴയില്‍ ചെറുതും വലുതുമായ ഏഴായിരത്തോളം കാവുകളുണ്ടെന്ന് കാവ് സംരക്ഷണ സമിതി കണ്ടെത്തിയിരുന്നു. ഇതില്‍ 90 ശതമാനം കാവുകളും പുറമ്പോക്ക് ഭൂമിയിലാണ്.
ജൈവസമ്പത്ത് കുറവായ കാവുകളാണ് ജില്ലയില്‍ ഭൂരിഭാഗമുള്ളത്. ആലപ്പുഴ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാവുകള്‍ തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലാണ്. ആലപ്പുഴ നഗരസഭയില്‍ മാത്രം 40 കാവുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ കാവുകള്‍ പൊതുവേ സര്‍പ്പക്കാവ് എന്നാണ് അറിപ്പെടുന്നത്. കാവുകളുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ടെങ്കിലും വേണ്ടരീതിയില്‍ അതിന്റെ പ്രയോജനം ലഭ്യമാകുന്നില്ലെന്ന് കാവുസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി എന്‍ എന്‍ ഗോപിക്കുട്ടന്‍ പറഞ്ഞു.
കാവുകള്‍ സംരക്ഷണം ഗൗരവകരമായ രീതിയില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് 2004 ല്‍ കേന്ദ്ര പരിസ്ഥിതി വകുപ്പും സംസ്ഥാന വനം വകുപ്പും ചേര്‍ന്നാണ് കാവ് സംരക്ഷണ സമിതിക്ക് രൂപം നല്‍കിയത്. ഹിമാലയത്തില്‍ മാത്രം കണ്ടുവരുന്ന ഔഷധസസ്യങ്ങളുടെ കലവറയാണ് ആലപ്പുഴയിലെ പല കാവുകളും. ഒരു സെന്റ് മുതല്‍ 35 സെന്റുവരെയുള്ള കാവുകളാണ് ആലപ്പുഴയിലുള്ളത്. ചെറിയ കാവുകള്‍ ഏറ്റവും കൂടുതലുള്ളതും ആലപ്പുഴയില്‍ത്തന്നെ.
ഇതില്‍ 90 ശതമാനം കാവുകളുടേയും സംരക്ഷണത്തിന് പണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെങ്കിലും ഉടമസ്ഥതയിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം സംസ്ഥാനത്തെ കാവുകള്‍ നാശത്തിലാണ്. സംരക്ഷണത്തിന് ആളില്ലാതെ വന്നതോടെ 2004 ല്‍ കേന്ദ്ര പരിസ്ഥിതി വകുപ്പും സംസ്ഥാന വനംവകുപ്പും സംയുക്തമായി കോഴിക്കോട്ട് നടത്തിയ ദേശീയ ശില്പശാലയെത്തുടര്‍ന്നാണ് കാവ് സംരക്ഷണ സമിതിക്ക് രൂപം നല്‍കിയത്. ഒരേക്കര്‍ മുതലുള്ള കാവുകള്‍ ചുറ്റുമതിലോ വേലിയോ കെട്ടി സംരക്ഷിക്കാന്‍ ഒരു ലക്ഷം രൂപ (ഒറ്റത്തവണ) വനംവകുപ്പ് മുഖേന അനുവദിക്കുന്ന പദ്ധതിക്ക് അന്ന് രൂപം നല്‍കിയിരുന്നു. പക്ഷേ, തുടര്‍ നടപടികള്‍ ഉണ്ടായില്ല. പിന്നീട് ചുമതല ജില്ലാ പഞ്ചായത്തുകള്‍ക്ക് കൈമാറിയെങ്കിലും ഫലമുണ്ടായില്ല.
