മദ്യനയത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയേക്കുമെന്ന സൂചനകള്‍ക്കിടെ, വരുന്ന 12ന് പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കാന്‍ കെസിബിസി നിര്‍ദ്ദേശം നല്‍കി. നിലവിലെ മദ്യ നയം സര്‍ക്കാര്‍ അട്ടിമറിക്കുമെന്ന ആശങ്കയാണ് സർക്കുലർ പങ്കുവയ്ക്കുന്നത്. കേരളത്തിലെ മദ്യനിരോധനം പരാജയമായിരുന്നുവെന്ന് സ്ഥാപിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും കെസിബിസി ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ സര്‍ക്കാരിന്‍റെ മദ്യനയത്തില്‍ ഈ സര്‍ക്കാര്‍ വെള്ളം ചേര്‍തിരിക്കുകയാണ്. പത്ത് ശതമാനം ബവ്റീജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം തന്നെ റദ്ദാക്കിയിരിക്കുന്നു. അതിനാല്‍ നിലവിലെ മദ്യനയം അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയുണ്ടെന്ന് കെസിബിസി സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ നടപ്പാക്കിയ മദ്യനിരോധനം പരാജയമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പലഭാഗത്ത് നിന്ന് നടക്കുന്നുണ്ടങ്കിലും മദ്യനിരോധനം വിജയമായിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പൊതു നന്മയെ കരുതി നിലവിലെ സ്ഥിതി തുടരണമന്നാണ് കെസിബിസിയുടെ ആവശ്യം. മദ്യവര്‍ജ്ജനമെന്നത് ഒരു വ്യക്തി് സ്വമേധയാ എടുക്കേണ്ട നിലപാടാണെന്നും അത് സര്‍ക്കാര്‍ നയമായി അവതരിപ്പിക്കേണ്ടെന്നും കെസിബിസി വ്യക്തമാക്കുന്നു. ബീഹാറിലും ഗുജറാത്തിലും നടപ്പിലാക്കിയ മദ്യനിരോധനം എന്തുകൊണ്ട് കേരളത്തില്‍ നടപ്പാക്കുന്നില്ലെന്നും കെസിബിസി ചോദിക്കുന്നു. പാതയേരത്തെ മദ്യശാലകള്‍ നിരോധിച്ചുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്ന കെസിബിസി പ്രഖ്യാപിത മദ്യ നയത്തില്‍ നിന്നുള്ള സര്‍ക്കാരിന്‍റെ പിന്മാറ്റം വലിയ വിനാശത്തിന് കാരണമാകുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. മദ്യ വിരുദ്ധ ഞായറായി കെസിബിസി ആചരിക്കുന്ന വരുന്ന 12 ന് എല്ലാ പള്ളികളിലും സര്‍ക്കുലര്‍ വായിക്കാനാണ് നിര്‍ദ്ദേശം. മദ്യനയത്തില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായി രംഗത്ത് വരാനാണ് ക്രൈസ്തവസഭകളുടെ തീരുമാനം.
