വരാനിരിക്കുന്ന ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ കോട്ടയത്ത് കോൺ​ഗ്രസ് കാലുവാരുമോ എന്ന ആശങ്ക കേരള കോൺ​ഗ്രസിന് ഉണ്ട്. 

കോട്ടയം: പ്രശ്നങ്ങൾ പറഞ്ഞു തീർത്ത് കെ.എം.മാണി യുഡിഎഫിലേക്ക് തിരിച്ചെത്തുകയും ജോസ്.കെ.മാണിയെ രാജ്യസഭാ എംപിയായി നിശ്ചയിക്കുകയും ചെയ്തെങ്കിലും വരാനിരിക്കുന്ന ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കേരളാ കോണ്‍ഗ്രസിന് ആശങ്കയുടേതാണ്. കോട്ടയത്തുള്‍പ്പെടെ കാലുവാരലുണ്ടാകുമെന്നാണ് പാര്‍ട്ടി സംശയിക്കുന്നത്.

ഈ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന ആശങ്കയാണ് കെ.എം. മാണിക്കും കൂട്ടര്‍ക്കും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജോസ്.കെ.മാണി മത്സരിക്കുന്ന കോട്ടയത്ത് അടിയൊഴുക്കുകള്‍ പാർട്ടി പ്രതീക്ഷിക്കുന്നു. ജോസ് കെ. മാണിയെ സുരക്ഷിതമായി രാജ്യസഭയിലേക്ക് അയക്കുന്നതും അതുകൊണ്ടുതന്നെ. 

കേരളാ കോണ്‍ഗ്രസുമായി യാതൊരു തരത്തിലുമുള്ള ബന്ധവും പാടില്ലെന്ന് കോട്ടയം ഡിസിസി നേരത്തെ പ്രമേയം പാസാക്കിയിരുന്നു. കെ.എം. മാണി മുന്നണിയിലെത്തിയതോടെ പ്രമേയം പ്രത്യക്ഷത്തില്‍ അസാധുവായെങ്കിലും കോണ്‍ഗ്രസ് ജില്ലാ നേതാക്കളുടെ എതിര്‍പ്പിന് കുറവൊന്നുമില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് മത്സരിച്ചുവന്ന കോട്ടയത്തെ ഒൻപതില്‍ ആറ് സീറ്റിലും ഇതിന്‍റെ പ്രതിഫലനം ഉണ്ടായേക്കാം. 

റോഷി അഗസ്റ്റിന്‍റെ മണ്ഡലമായ ഇടുക്കിയിലും കേരളകോൺ​ഗ്രസ് കാലുവാരൽ പ്രതീക്ഷിക്കുന്നു. ത്രിതല പഞ്ചായത്തുകളില്‍ മറ്റ് മുന്നണികളോടൊപ്പമുള്ള കൂട്ടുകെട്ട് വിട്ട് യുഡിഎഫിനൊപ്പം തന്നെ നില്‍ക്കണമെന്ന കര്‍ശ്ശന നിര്‍ദ്ദേശം കെ.എം. മാണി നല്‍കിയത് ഇത് പരിഹരിക്കാനായിട്ടാണ്. ഇതിന്‍റെ ആദ്യപടിയാണ് കോട്ടയം ജില്ലാ പഞ്ചായത്തില്‍ സിപിഎമ്മുമായുള്ള സഹകരണം കേരളാ കോണ്‍ഗ്രസ് ഉപേക്ഷിക്കുന്നത്.