അംഗത്വം പുതുക്കണമെന്ന സംസ്ഥാന കമ്മിറ്റി തീരുമാനം സന്തോഷം നൽകുന്നതെന്ന് കെഇ ഇസ്മായിൽ
പാലക്കാട്: തന്റെ പാർട്ടി അംഗത്വം പുതുക്കി നൽകരുതെന്ന പാലക്കാട് ജില്ലാ കമ്മിറ്റിയുടെ തീരുമാനം അമ്പരപ്പുണ്ടാക്കിയെന്ന് മുതിർന്ന സിപിഐ നേതാവ് കെഇ ഇസ്മായിൽ. എന്നാൽ, അംഗത്വം പുതുക്കണമെന്ന സംസ്ഥാന കമ്മിറ്റി തീരുമാനം വളരെയധികം സന്തോഷം നൽകുന്നതായും അദ്ദേഹം പറഞ്ഞു.
എഴുപത് വർഷത്തോളമായി തന്നെ രാജ്യം അറിയുന്നത് ഈ പാർട്ടിയിലൂടെയാണ്. തനിക്ക് പാർട്ടി അംഗത്വം പോലും പുതുക്കി നൽകരുതെന്ന പാലക്കാട് ജില്ല കമ്മിറ്റിയുടെ തീരുമാനം അറിഞ്ഞപ്പോൾ അമ്പരന്നുപോയി. പാർട്ടിയുടെ അംഗത്വം ലഭിച്ചിരുന്നില്ലെങ്കിൽ പോലും ജീവിതാവസാനം വരെ കമ്മ്യൂണിസ്റ്റ് ആയി തുടരും. അത് പാർട്ടി മെമ്പർഷിപ്പോടെ ആണെങ്കിൽ ഒരുപാട് സന്തോഷമെന്നും കെഇ ഇസ്മായിൽ പറഞ്ഞു. കൂടാതെ ക്ഷണം ലഭിച്ചാൽ പാലക്കാട് ജില്ലാ സമ്മേളനത്തിൽ തീർച്ചയായും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് സിപിഐ നേതാവ് കെഇ ഇസ്മായിലിന്റെ പാർട്ടി അംഗത്വം പുതുക്കി നൽകാൻ സംസ്ഥാന എക്സിക്യൂട്ടീവ് നിർദേശം നൽകിയത്. അംഗത്വം പുതുക്കരുതെന്ന പാലക്കാട് ജില്ലാ ഘടകത്തിന്റെ ശുപാർശ തള്ളിക്കൊണ്ടാണ് നിർദേശം.


