സ്കൂളുകളിൽ സ്ഥാപിച്ച നാപ്കിൻ വെൻഡിംഗ് മെഷീനുകളുടേയും ഇൻസിനറേറ്ററുകളും പൂര്‍ണ്ണമായും നിലച്ച അവസ്ഥയാണ്. ബുദ്ധിമുട്ടും അസ്വസ്ഥതകളും സഹിച്ച് മണിക്കൂറുകൾ ക്ലാസ് മുറികളിൽ തള്ളിനീക്കുന്ന നമ്മുടെ പെൺകൗമാരങ്ങളുടെ അവസ്ഥ വളരെ പ്രശ്നങ്ങള്‍ നിറഞ്ഞതാണ്.

ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥിനികൾക്ക് സൗജന്യ നാപ്കിൻ വിതരണത്തിന് രണ്ട് വർഷം മുമ്പ് പദ്ധതി തയ്യാറാക്കിയത് വനിതാ വികസന കോർപ്പറേഷൻ. ഫണ്ട് തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്ന്. മേൽനോട്ടം സാമൂഹ്യക്ഷേമ വകുപ്പിന്. 

പരീക്ഷണാടിസ്ഥാനത്തിൽ തലസ്ഥാനത്ത് പദ്ധതി വിജയിച്ചതോടെ, വിവിധ സംഘടനകളും പിടിഎയുമൊക്കെ പണം കൊടുത്താൽ നാപ്കിൻ ലഭിക്കുന്ന വെൻഡിംഗ് മെഷീനുകൾ സ്കൂളുകളിൽ സ്ഥാപിച്ചു. സൗജന്യമായി കിട്ടേണ്ട നാപ്കിന് 10 രൂപ വിലയുമിട്ടു. പക്ഷേ മിക്കതും മാസങ്ങൾക്കകം പണിമുടക്കി.

സ്ത്രീ സൗഹൃദ ടോയ് ലറ്റുകൾ പോലുമില്ലാത്ത സ്കൂളുകളിൽ സ്ഥിതി ഗുരുതരമാണ്. വനിതാ വികസന കോർപ്പറേഷന്‍റെ സൗജന്യ നാപ്കിൻ വിതരണവുമായി സഹകരിക്കാൻ ഈ വർഷം ഇതുവരെ മുന്നൂറോളം പഞ്ചായത്തുകൾ മാത്രമാണ് മുന്നോട്ടു വന്നത്. 

ഇതിലാകട്ടെ നടപടി തുടങ്ങിയിട്ടുമില്ല. മെല്ലെപ്പോക്ക് തുടരുമ്പോൾ ആരോഗ്യം അപകടത്തിലാകുന്ന സാഹചര്യങ്ങളിൽ തുടരാൻ നിർബന്ധിതരാവുകയാണ് നമ്മുടെ പെൺകുട്ടികൾ.