കണ്ണൂര്‍: കീഴാറ്റൂരില്‍ ദേശീയപാതക്കെതിരെ സമരംചെയ്യുന്നവര്‍ക്ക് വാഗ്ദാനങ്ങളുമായി സിപിഎം. നഷ്ടപരിഹാരമടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്‍ ഉറപ്പുനല്‍കി. പുതിയ തീരുമാനം സ്വാഗതാര്‍ഹമെന്നാണ് സമരക്കാരുടെയും നിലപാട്. കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ക്കൊപ്പം സമരം ചെയ്ത 11 പേരെ പുറത്താക്കിയതിന്റെ അസംതൃപ്തി നിലനില്‍ക്കുന്നതിനിടെയാണ് സിപിഎം കേന്ദ്രകമ്മിറ്റിയംഗം തന്നെ അനുനയനീക്കവുമായി എത്തിയത്. അച്ചടക്ക നടപടികള്‍ താല്‍ക്കാലികമെന്ന് പറഞ്ഞ ഇ.പി.ജയരാജന്‍, ഒരുമിച്ച് നീങ്ങാമെന്ന സന്ദേശമാണ് വിശദീകരണ യോഗത്തില്‍ ഉടനീളം സമരക്കാര്‍ക്ക് നല്‍കിയത്. 

മത തീവ്രവാദ സംഘടനകള്‍ക്കെതിരെ കരുതിയിരിക്കണം. നഷ്ടപരിഹാരമടക്കം പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ജയരാജന്‍ ഉറപ്പുകൊടുത്തു. നിര്‍ദേശങ്ങള്‍ സമരസമിതി സ്വാഗതം ചെയ്തു. സമരത്തിന്റെ ആദ്യഘട്ടത്തില്‍ സമരത്തെ പൊളിക്കാന്‍ സാധിക്കുമെന്ന് കരുതിയിരുന്ന സിപിഎമ്മിന് സമരം ശക്തമായതോടെ ജനങ്ങളുടെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടി വരുകയായിരുന്നു. സിപിഐ അടക്കമുള്ള പാര്‍ട്ടികള്‍ സമരം ഏറ്റെടുക്കാനുള്ള സാധ്യത സിപിഎം തള്ളിക്കളയുന്നില്ല. പുറത്താക്കിയവര്‍ മറ്റ് പാര്‍ട്ടികളിലേക്ക് ചേക്കേറുമോ എന്ന ആശങ്കയും സിപിഎമ്മിന്റെ നിലപാട് മാറ്റത്തിന് പിന്നിലുണ്ടെന്നാണ് കരുതുന്നത്.