തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ലോക്‌നാഥ് ബെഹ്‌റ ചുമതലയേറ്റു. കഴിഞ്ഞ ദിവസമാണ് ബെഹ്‌റയെ പോലീസ് മേധാവിയായി നിയമിക്കാന്‍ തീരുമാനമെടുത്തത്. വിജിലന്‍സ് ഡായറക്ടറുടെ ചുമതലയും ബെഹ്‌റയ്ക്കു തന്നെയായിരിക്കും. സര്‍വ്വീസിലെ സീനിയറായ ജേക്കബ് തോമസിനെ മറികടന്നാണ് ബെഹ്‌റ പോലീസ് മേധാവിയായി തിരിച്ചെത്തുന്നത്. 

4.30നു പോലീസ് ആസ്ഥാനത്ത് എത്തിയ ബെഹ്‌റയെ ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിച്ചു. അതിനുശേഷം അദ്ദേഹം സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ഓഫീസില്‍ എത്തി രേഖകളില്‍ ഒപ്പുവച്ച് അധികാരമേറ്റു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ടി.പി സെന്‍കുമാറിനെ മാറ്റി പകരം ബെഹ്‌റയെ പോലീസ് മേധാവി സ്ഥാനത്ത് നിയമിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തു സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന പോലീസ് മേധാവിയായി അദ്ദേഹത്തെ നിയമിക്കാന്‍ സുപ്രീംംകോടതി ഉത്തരവിട്ടു. 

ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മേയ് ആറിനു സെന്‍കുമാര്‍ പോലീസ് മേധാവിയായി ചുമതലയേറ്റതോടെ ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു. വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ആ ചുമതലയും ബെഹ്‌റ വഹിച്ചുവരികയായിരുന്നു.