മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തുടങ്ങിയവര്‍ രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.
പതിനാറാം കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കേരളം ആര് ഭരിക്കണമെന്ന് 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തുടങ്ങിയവര്‍ രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. വോട്ടിംഗ് ദിനത്തിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികള്‍.
വികസന തുടര്‍ച്ചയ്ക്ക് എൽഡിഎഫ് വരണമെന്ന് മുഖ്യമന്ത്രി
അതിപ്രധാനമായ തെരഞ്ഞെടുപ്പാണിതെന്നും വികസന തുടര്‍ച്ചയ്ക്ക് എൽഡിഎഫ് വരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. എൽഡിഎഫിന് മാത്രമേ പ്രതിബദ്ധതയുടെ നാടിന്‍റെ പുരോഗതിയെ മുന്നോട്ടുകൊണ്ടുപോകാനാകൂവെന്നും പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പിണറായിയിലെ മുണ്ടയോട് 105-ാം ബൂത്തിലാണ് മുഖ്യമന്ത്രി കുടുംബത്തോടൊപ്പം എത്തി വോട്ട് ചെയ്തത്. പ്രതിസന്ധിക്കിടയിലും നാം മുന്നോട്ട് പോയി. വളരെ കൃത്യതയോടെ നാടിനെ മുന്നോട്ടു നയിക്കാൻ എൽഡിഎഫിന് കഴിഞ്ഞു. കഴിഞ്ഞ പത്ത് വർഷം ജനങ്ങളോടൊപ്പം ആണ് യാത്ര ചെയ്തത്. ആ യാത്രയാണ് ഈ തെരഞ്ഞെടുപ്പിലും തുടരേണ്ടതെന്നും പിണറായി വിജയൻ കൂട്ടിച്ചേര്‍ത്തു.

100-ലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തിൽ തിരിച്ചുവരുമെന്ന് വിഡി സതീശൻ
100-ലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തിൽ തിരിച്ചുവരുമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പ്രതികരണം. വിഡി സതീശൻ പറവൂരിലെ കേസരി മെമ്മോറിയൽ കോളേജിലാണ് കുടുംബത്തോടൊപ്പം എത്തി വോട്ട് ചെയ്തത്.

മാറ്റം വരും, ജനം മാറ്റം ആഗ്രഹിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍
മാറ്റം വരുമെന്നും ജനം മാറ്റം ആഗ്രഹിക്കുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ സ്ഥാനാര്‍ഥിയും കൂടിയായ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തിരുവനന്തപുരം ജവഹര്‍ നഗര്‍ സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. സഭയിൽ ബഹളം ഉണ്ടാക്കാനും ബെഞ്ചിൽ കയറാനും ആകരുത് വോട്ടെന്നും തൂക്ക് സഭ വരുമെന്നും അതിൽ ബിജെപി നിര്‍ണായകമാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പാലക്കാട്ടെ നോട്ട് വിവാദത്തിൽ നിയമപരമായ കാര്യങ്ങള്‍ നടക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.

നേമത്ത് ഒരു ആശങ്കയ്ക്കും ഇടയില്ല: വി ശിവൻകുട്ടി
ഇടതു മുന്നണി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് നേമത്തെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവൻകുട്ടി. നേമത്ത് ഒരു ആശങ്കയ്ക്കും ഇടയില്ല. ഇടതുമുന്നണി തന്നെ വിജയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

തികഞ്ഞ ആത്മവിശ്വാസമെന്ന് സണ്ണി ജോസഫ്
തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് വോട്ട് ചെയ്തശേഷം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. യുഡിഎഫ് തരംഗം, 100 ലധികം സീറ്റ് നേടും. തദ്ദേശത്തിലെ തരംഗം ആവർത്തിക്കും. മൂന്ന് പ്രാവശ്യം ജയിച്ചു, നാലാമതും ജയിക്കും. സർവ്വേകളിൽ ഞാൻ തോൽക്കും എന്ന് കണ്ടു. ജനങ്ങളെ സർവ്വേ എനിക്കറിയാമെന്നും സണ്ണി ജോസഫ് പറഞ്ഞു. പേരാവൂര്‍ നിയോജകമണ്ഡലത്തിലെ ബൂത്ത് നാലിലാണ് (സെന്‍റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ, കടത്തുംകടവ്) സണ്ണി ജോസഫ് കുടുംബത്തോടൊപ്പം എത്തി വോട്ട് ചെയ്തത്.
എൽഡിഎഫ് വൻ വിജയം നേടുമെന്ന് എംബി രാജേഷ്
എൽഡിഎഫ് വൻ വിജയം നേടുമെന്ന് എംബി രാജേഷ് പ്രതികരിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ അധികം സീറ്റുകൾ നേടി വീണ്ടും അധികാരത്തിൽ വരും. യുഡിഎഫിനെ ഭരണമേൽപ്പിക്കുന്ന കാര്യം ആലോചിക്കാൻ പോലും കേരളത്തിലെ ജനങ്ങൾക്ക് കഴിയില്ല. തൃത്താലയില്‍ കംഫർട്ടബിൾ ആയി ജയിക്കുമെന്നും എംബി രാജേഷ്. തൃത്താലയിലെ എൽഡിഎഫ് സ്ഥാനാർഥി എം ബി രാജേഷിന് ഷൊർണൂർ മണ്ഡലത്തിലാണ് വോട്ട്. അച്ഛൻ, അമ്മ, സഹോദരൻ എന്നിവർക്കൊപ്പം കയിലിയാട് മാമ്പറ്റപ്പടി കെ വി യുപി സ്കൂളിലെ 141-ാം ബൂത്തിലെത്തിയാണ് എംബി രാജേഷ് വോട്ട് രേഖപ്പെടുത്തിയത്.
കഴക്കൂട്ടത്ത് വിജയം ഉറപ്പെന്ന് കടകംപള്ളി
കഴക്കൂട്ടത്ത് വിജയം ഉറപ്പെന്ന് എൽഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രൻ. ജനം വോട്ടിടുന്നത് വികസനത്തിനാണെന്നും കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു.
അയ്യന്‍റെ സ്വർണ്ണം കട്ടവർക്ക് ജനകീയ കോടതിയിൽ ശിക്ഷ ഇന്നുണ്ടാവും: കെസി വേണുഗോപാൽ
അയ്യന്‍റെ സ്വർണ്ണം കട്ടവർക്ക് ജനകീയ കോടതിയിൽ ശിക്ഷ ഇന്നുണ്ടാവുമെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. 100 ൽ അധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിൽ വരുംമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുഡ് ബൈ പിണറായി എന്ന് കേരളം പറയും- രമേശ് ചെന്നിത്തല
ഗുഡ് ബൈ പിണറായി എന്ന് കേരളം പറയുമെന്ന് രമേശ് ചെന്നിത്തല. കേരളത്തിൽ ഭരണ മാറ്റം ഉണ്ടാകും. ജനങ്ങളുടെ ആഗ്രഹം യുഡിഎഫ് വരണം എന്നാണ്. ശബരിമല സ്വർണം കൊള്ളയടിച്ചവര്‍ക്ക് ആരും വോട്ട് ചെയ്യില്ല. ബിജെപി എല്ലായിടത്തും പണം കൊടുക്കുന്നു. ആധാർമിക നടപടികൾ ബിജെപി ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് മണ്ഡലത്തിലെ 54-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

ഇന്ന് ആറ് മണി കഴിയുമ്പോൾ പിണറായി സർക്കാർ അസ്തമിക്കും: എ കെ ആന്‍റണി
കേരളം ഇത്തവണ യുഡിഎഫ് തൂത്തുവാരുമെന്നും ഇന്ന് ആറ് മണി കഴിയുമ്പോൾ പിണറായി സർക്കാർ അസ്തമിക്കുമെന്നും എ കെ ആന്‍റണി പ്രതികരിച്ചു. ഇനി അവർക്ക് പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാം. യുഡിഎഫ് വരും എന്ന് 100% ഉറപ്പാണെന്നും എകെ ആന്‍റണി പറഞ്ഞു. ജഗതി സ്കൂളിലെത്തിയാണ് ആന്‍റണി വോട്ട് രേഖപ്പെടുത്തിയത്.

മുഖ്യമന്ത്രി ആരായിരിക്കുമെന്നതിൽ തര്‍ക്കമുണ്ടാകില്ലെന്ന് ശശി തരൂര്‍
ജനം ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്ന് ശശി തരൂര്‍. അതിനുവേണ്ടി കേരളം മുഴുവൻ വോട്ടു ചെയ്യുന്നു. ഉയർന്ന വോട്ടിംഗ് ശതമാനം സൂചിപ്പിക്കുന്നത് അതാണ്. യുഡിഎഫിൽ മുഖ്യമന്തിയെ തീരുമാനിക്കാനൊന്നും വലിയ പ്രശ്‌നമുണ്ടാകില്ല. കേന്ദ്ര നേതൃത്വം വേഗം തീരുമാനിക്കും. ബിജെപി ഒന്ന് രണ്ട് സ്ഥലങ്ങളിൽ അക്കൗണ്ട് തുറക്കാനുള്ള സാധ്യതയാണ് ഉള്ളത്. ഈ സ്ഥലങ്ങളിൽ ശക്തമായ ത്രികോണ പോരാട്ടമാണുള്ളത്. ഇവിടെ അപകടം മനസിലാക്കി ജനങ്ങൾ വോട്ടു ചെയ്യണമെന്നും ശശി തരൂര്‍ പറഞ്ഞു.
