കൊച്ചി മെട്രോ തൂണുകൾക്ക് സമീപം റോഡുകളിലെ നിരപ്പ് വ്യത്യാസം അപകട ഭീഷണി ഉയർത്തുന്നതായി കണ്ടെത്തിയ ഹൈക്കോടതി, അടിയന്തര പരിഹാരം നിർദേശിച്ചു.
കൊച്ചി: കൊച്ചി മെട്രോ തൂണുകൾക്കരികിൽ റോഡുകളിൽ രൂപപ്പെട്ടിരിക്കുന്ന നിരപ്പ് വ്യത്യാസം അപകട ഭീഷണി സൃഷ്ടിക്കുന്നതായി കണ്ടെത്തി അടിയന്തര പരിഹാരം വേണമെന്ന് ഹൈക്കോടതി നിർദേശിച്ചു. അപകട സാധ്യതയുള്ള ഇടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സൗമേൻ സെൻ, ജസ്റ്റിസ് വിഎം ശ്യാംകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. മെട്രോ പൈൽ ക്യാപ്പുകൾക്ക് സമീപമുള്ള റോഡുകൾ ചില ഇടങ്ങളിൽ ഉയർന്നും താഴ്ന്നും നിലനിൽക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നതായി ഹർജിയിൽ ചൂണ്ടിക്കാണിച്ചു.
ഇത്തരം സ്ഥലങ്ങളിൽ പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രികർക്കാണ് കൂടുതൽ അപകട ഭീഷണിയുള്ളതെന്നും, ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നുവെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. കടവന്ത്ര സ്വദേശി വടക്കൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെട്ടത്. വിഷയവുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകളും കോടതി പരിഗണിച്ചു.
പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് കോടതി നിർദേശിച്ചു. മെട്രോ പാതയോടനുബന്ധിച്ച റോഡുകളുടെ സുരക്ഷാ ഓഡിറ്റ് നടത്താൻ കൊച്ചി കോർപ്പറേഷൻ സാങ്കേതിക സമിതിയെ നിയോഗിക്കണമെന്നും, റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണമെന്നും കോടതി വ്യക്തമാക്കി. സ്വീകരിച്ച നടപടികൾ വിശദീകരിച്ച് സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചു. ഹർജി ജൂൺ 11ന് വീണ്ടും പരിഗണിക്കും.
മെട്രോ പാതയുടെ അശാസ്ത്രീയ നിർമാണമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ഹർജിയിൽ പറയുന്നത്. തൂണുകൾക്കടിയിൽ മണ്ണ് അടിഞ്ഞുകൂടിയതോടെ റോഡുകളിൽ നിരപ്പുവ്യത്യാസം ഉണ്ടായതായും, രാത്രിയിൽ ഇത് ശ്രദ്ധയിൽപ്പെടാതെ അപകടങ്ങൾ സംഭവിക്കുന്നതായും ചൂണ്ടിക്കാട്ടി. അയ്യപ്പൻ റോഡിൽ സൗത്ത് പാലം മുതൽ എളംകുളം വരെ, കച്ചേരിപ്പടി-കലൂർ മേഖല, ഇടപ്പള്ളി (ചങ്ങമ്പുഴ പാർക്ക്) മുതൽ കളമശ്ശേരി വരെ എന്നീ ഭാഗങ്ങളിലാണ് പ്രശ്നം കൂടുതൽ രൂക്ഷമെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു.


