താൻ എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് വാർത്തകൾ ഉണ്ടായിരുന്നുവെന്നും ഈ ഘട്ടത്തിൽ താൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നും ആസിഫ് അലി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇടുക്കി: തൊടുപുഴയിലെ തലമുറമാറ്റം മാതൃകാപരമെന്ന് നടൻ ആസിഫ് അലി. ഇത്തവണ താൻ സ്ഥാനാർത്ഥിയാകുമെന്ന് വാർത്തകൾ ഉണ്ടായിരുന്നുവെന്നും ഇക്കാര്യം പിജെ ജോസഫ് അടക്കം വിളിച്ച് അന്വേഷിച്ചുവെന്നും ആസിഫ് അലി പറഞ്ഞു. ഈ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നും സിനിമയിൽ തുടരാനാണ് താത്പര്യമെന്നും വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ആസിഫ് വ്യക്തമാക്കി. കുമ്പംകല്ല് ബിടിഎം എൽപി സ്കൂളിലാണ് ആസിഫ് അലിയും സഹോദരൻ അസ്കർ അലിയും വോട്ട് രേഖപ്പെടുത്താനെത്തിയത്.എല്ലാവർക്കും അഭിപ്രായം പറയാൻ സാധിക്കുന്ന ഭരണകൂടം ഉണ്ടാകണമെന്നും ആസിഫ് അലി പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

'എല്ലാവരും നിര്‍ബന്ധമായും വോട്ട് ചെയ്യണം. നമ്മള്‍ ആഗ്രഹിക്കുന്നത് പോലെ, ഇതുവരെ കിട്ടിയിട്ടുള്ളത് പോലെയൊക്കെ തന്നെ, അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു സര്‍ക്കാര്‍ ആയിരിക്കണം നമുക്ക് വേണ്ടത്. നമ്മുടെ കയ്യെത്തും ദൂരത്തുള്ള ഒരു ഭരണ സംവിധാനമാണ് വേണ്ടത്. ജോസഫ് സാര്‍ മാറിനിൽക്കുന്നു എന്നതും അടുത്ത തലമുറ വരുന്നു എന്നതും നമ്മുടെ നേതാക്കള്‍ക്ക് ഉള്ള ഒരു പക്വത ആയിട്ടാണ് എനിക്ക് തോന്നുന്നത്. അവര്‍ മനസിലാക്കുകയും പുതിയ തലമുറയ്ക്ക് കൃതൃമായ ഗൈഡൻസ് കൊടുത്ത് മാറിനിൽക്കുകയും ചെയ്യുന്നു എന്ന് പറയുന്നത് സീനിയേഴ്സ് ആയിട്ടുളള എല്ലാ രാഷ്ട്രീയക്കാരും പിന്തുടരേണ്ട ഒന്നാണ്. ജോസഫ് സാര്‍ വിളിച്ച് ചോദിച്ചു, ഞാൻ ഇലക്ഷന് നിൽക്കുന്നുണ്ടോ എന്ന്. വീട്ടിൽ വിളിച്ച് അങ്ങനെയൊരു വാര്‍ത്ത കേട്ടെന്ന് പറഞ്ഞു, എനിക്കും വാപ്പാക്കും ഉമ്മാക്കും എല്ലാം ഒരു അത്ഭുതമായിരുന്നു.' ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു.