തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി ആക്രമണം നടത്തുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. 

ബിജെപിക്കെതിരെ സംസ്ഥാനത്ത് വലിയ തോതിലുള്ള ആക്ഷേപം ഉയര്‍ന്നപ്പോള്‍ ഇത് തിരിച്ചു വിടാന്‍ പാര്‍ട്ടി ചില തെറ്റായ നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു ഇന്‍റലിജന്‍സ് വഭാഗത്തിന്‍റെ റിപ്പോര്‍ട്ടെന്ന് പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിന് മറുപടിയായി പിണറായി സഭയില്‍ പറഞ്ഞു.

ആവശ്യമെങ്കില്‍ മെഡിക്കല്‍ കോഴ വിവാദം സിബിഐയെ ഏല്‍പ്പിക്കും. അഴിമതി അതീവ ഗൗരവകരമാണ്. പാര്‍ട്ടി നിര്‍ദേശിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടും വിജിലന്‍സ് പരിധിയില്‍ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപി-സിപിഎം സംഘര്‍ഷം അവസാനിപ്പിക്കണമെന്ന പ്രതിപക്ഷ ബഹളത്തോടെയാണ് സഭ ആരംഭിച്ചത്. 

പല ബിജെപി നേതാക്കള്‍ക്കും കഴിഞ്ഞ കുറച്ചു കാലമായി അവിശ്വസനീയമായ സാമ്പത്തിക വളര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് എം സ്വരാജ് ഉന്നയിച്ചു. ഇക്കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയും രാഷ്ട്രീയ കൊലപാതങ്ങളും ഉയർത്തിക്കാട്ടി പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കെ. മുരളീധരൻ എംഎൽഎയാണ് നോട്ടീസ് നൽകിയത്. നേരത്തെ, മെഡിക്കൽ കോഴ വിവാദത്തിലുള്ള പ്രതിഷേധവും ബിജെപി രേഖപ്പെടുത്തിയിരുന്നു. മെഡിക്കൽ കോഴ കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.